
വത്തിക്കാന്‍ സിറ്റി: ജനുവരി 14-ന് പുറത്തിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്പ്’ നൂറിലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി. പാപ്പയുടെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഉപകഥകള്‍, ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം റാന്‍ഡം ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പയുടെ ആത്മകഥ ചരിത്രത്തിലാദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്.
ഇംഗ്ലീഷ് പതിപ്പില്‍ 320 പേജുകളുളള ഈ പുസ്തകം ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. പത്രപ്രവര്‍ത്തകനായ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പാപ്പ പുസ്തകം എഴുതിയത്. ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പുറമേ, യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക പ്രതിസന്ധി, സാമൂഹിക നയം, ലൈംഗികത, കത്തോലിക്കാ സഭയുടെ ഭാവി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പാപ്പ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
അര്‍ജന്റീനയില്‍ ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ കുടുംബത്തിലെ കുട്ടിക്കാലം മുതല്‍ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതുവരെയുള്ള ജീവിതത്തിന്റെ പ്രധാന ഏടുകളെല്ലാം പാപ്പയുടെ ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തന്റെ മരണശേഷം പുസ്തകം പ്രസിദ്ധീകരിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ ജൂബിലി വര്‍ഷത്തില്‍ പ്രസിദ്ധീകരിക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നും പാപ്പ വെളിപ്പെടുത്തിയിരുന്നു.
Be the first to comment