ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്, അതെ തുടർന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് CAT സ്കാൻ നടത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിക്കുന്നു.

പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഫ്രാൻസിസ് മാർപാപ്പ പൂർണ്ണആരോഗ്യവാനായി തിരികെ എത്തട്ടെ എന്നാശംസിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും പ്രാർത്ഥനകളും ആശംസാ സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. പാപ്പായുടെ ആരോഗ്യസ്ഥിതി അല്പം സങ്കീർണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണെന്നും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. പകൽ സമയം അദ്ദേഹം വിശ്രമവും പ്രാർത്ഥനകളും വായനയുമായി ചിലവഴിക്കുകയാണെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.

അതേസമയം, തനിക്ക് സാമീപ്യമറിയിച്ചവർക്ക് നന്ദി പ്രകടിപ്പിച്ച പാപ്പാ, പ്രാർത്ഥനകൾ തുടരാൻ ഏവരോടും അഭ്യർത്ഥിച്ചു. പനി, നാഡി വേദന, ഹെർണിയ എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ മാർപാപ്പയ്ക്ക് അനാരോഗ്യം ബാധിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*