മാർപാപ്പയുടെ തീരുമാനം നടപ്പാക്കണം; ഏകീകൃത കുർബാന എല്ലാ പള്ളികളിലും നിർബന്ധമെന്ന് സിനഡ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയ്ക്ക് സിനഡ് ആഹ്വാനം. മാർപാപ്പയുടെ നിർദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാൻമാർ ആവശ്യപ്പെട്ടു. സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സർക്കുലറിൽ ഒപ്പിട്ടു. അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും സർക്കുലർ വായിക്കണമെന്നും നിർദേശിച്ചു. സിറോ മലബാർ സഭയുടെ പുതിയ ആർച്ച്ബിഷപ്പ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സർക്കുലറാണിത്.

ക്രിസ്മസ് ദിവസം മുതൽ തന്നെ സിനഡ് കുർബാന അർപ്പിച്ചു തുടങ്ങണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. ഏകീകൃത കുർബാന നടത്തണമെന്ന് മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെയാണ് അറിയിച്ചത്. എന്നാൽ മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും വസ്തുതാപരമായ പിശകുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പെടെ ഒരു വിഭാഗം പറഞ്ഞിരുന്നു. ഏകീകൃത കുർബാന നടപ്പാക്കണമെന്ന് രണ്ട് കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണ രീതിയിൽ വീഡിയോ സന്ദേശത്തിലൂടെ മാർപാപ്പ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടത്.

തെറ്റായ പ്രചാരണം മാർപ്പാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണെന്നും സിറോ മലബാർ സഭയുടെ പ്രസ്താവനയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*