വിരമിക്കലിനെ കുറിച്ചുള്ള തീരുമാനം ഉടനെ വെളിപ്പെടുത്തുമെന്ന് പോര്‍ച്ചുഗലിന്റെ വെറ്ററന്‍ ഡിഫന്‍ഡര്‍ പെപ്പെ

ബെര്‍ലിന്‍ : വിരമിക്കലിനെ കുറിച്ചുള്ള തീരുമാനം ഉടനെ വെളിപ്പെടുത്തുമെന്ന് പോര്‍ച്ചുഗലിന്റെ വെറ്ററന്‍ ഡിഫന്‍ഡര്‍ പെപ്പെ. ഭാവിയെ കുറിച്ച് എല്ലാം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു. യൂറോകപ്പില്‍ സെമിഫൈനല്‍ കാണാതെ പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെയാണ് താരത്തിനോട് വിരമിക്കലിനെകുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്.

‘ഭാവിയെ കുറിച്ചുള്ള എന്റെ തീരുമാനം നേരത്തെ തന്നെ തീരുമാനിച്ചതാണ്. അത് ഉടനെ തന്നെ വെളിപ്പെടുത്തും. എന്നാല്‍ ഇപ്പോഴത്തെ പ്രധാന കാര്യം അതല്ല. മത്സരത്തിലെ പ്രകടനത്തിന് എന്റെ സഹതാരങ്ങളെ എനിക്ക് അഭിനന്ദിക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്ലാന്‍ ഞങ്ങള്‍ പൂര്‍ത്തീകരിച്ചു, പക്ഷേ ഫുട്‌ബോള്‍ ചിലപ്പോഴൊക്കെ ക്രൂരമാണ്’, പെപ്പെ കൂട്ടിച്ചേര്‍ത്തു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ ഷൂട്ടൗട്ടില്‍ അടിയറവ് പറഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍ പുറത്തായത്.

ഇതോടെ അവസാന യൂറോ കപ്പ് കളിക്കുന്ന സൂപ്പര്‍ താരം റൊണാള്‍ഡോയുടെയും പെപ്പെയുടെയും വിടവാങ്ങലിനും മത്സരം വേദിയായി. തോല്‍വിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞാണ് പെപ്പെ കളംവിട്ടത്. മൈതാനത്ത് വിതുമ്പിയ പെപ്പെയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന റൊണാള്‍ഡോയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്. യൂറോ കപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്രം കുറിച്ചാണ് 41കാരനായ പെപ്പെ യൂറോ കപ്പിന്റെ പടിയിറങ്ങുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*