ഐഎസ്ആർഒ പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് വിക്രം ലാന്‍ഡറിൻ്റെയും പ്രഗ്യാന്‍ റോവറിൻ്റെയും സ്ഥാനം കണ്ടെത്തി ചന്ദ്ര തുംഗതുര്‍ത്തി

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3ൽ നിർണായക സംഭാവനകൾ നൽകിയ വിക്രം ലാന്‍ഡറിൻ്റെയും പ്രഗ്യാന്‍ റോവറിൻ്റെയും പുതിയ ചിത്രങ്ങള്‍ പുറത്ത്. ഐഎസ്ആർഒ പുറത്തുവിട്ട, ശിവശക്തി പോയിന്റ് ഉൾപ്പെട്ട ചന്ദ്രോപരിതലത്തിൻ്റെ ചിത്രങ്ങളിൽ നിന്ന് സ്വതന്ത്ര ഗവേഷകനായ ചന്ദ്ര തുംഗതുര്‍ത്തിയാണ് വിക്രമിൻ്റെയും പ്രഗ്യാൻ്റെയും സ്ഥാനം കണ്ടെത്തിയത്.

ലാൻഡറും റോവറും സ്ഥിതി ചെയ്യുന്ന ശിവശക്തി പോയിന്റ് ഉൾപ്പെടുന്ന പ്രദേശത്തിൻ്റെ ചിത്രം മാർച്ച് 15-നാണ് ഐഎസ്ആർഒ പകർത്തിയത്. ചന്ദ്രയാൻ-2ലെ ഓർബിറ്റർ ഹൈ റെസലൂഷൻ ക്യാമറ (ഒ എച്ച് ആർ സി) പകർത്തിയ ചിത്രത്തിൽ റോവർ ലാൻഡറിനു സമീപം സ്ഥിതിചെയ്യുന്നത് കാണാം.

2023 ഓഗസ്റ്റ് 23-നാണ് വിക്രം ലാൻഡർ ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിനു സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഇതിനു പിന്നാലെ ലാൻഡിങ് പ്രദേശത്തിൻ്റെയും ലാൻഡറിൻ്റെയും റോവറിൻ്റെയും ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ഇതിനേക്കാൾ വളരെ വിശദമായി ഈ പ്രദേശത്തെ കാണിക്കുന്നതാണ് പുതിയ ചിത്രങ്ങൾ.

100 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് 26 സെന്റീമീറ്റര്‍ റെസല്യൂഷനിലാണ് പ്രാരംഭ ചിത്രങ്ങൾ പകർത്തിയത്. പുതിയ ചിത്രങ്ങളാവട്ടെ 65 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് 17 സെന്‌റീമീറ്റര്‍ റെസലൂഷനിൽ പകർത്തിയവയും. രണ്ട് സെറ്റ് ചിത്രങ്ങളും നിരീക്ഷിക്കുമ്പോള്‍ റെസല്യൂഷിലെ വ്യത്യാസം ശ്രദ്ധേയമാണ്. പ്രഗ്യാറോവര്‍ റോവറിൻ്റെ വ്യക്തമായ കാഴ്ച ചിത്രം നല്‍കുന്നു.

റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്കുശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. അതേസമയം, ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിനു സമീപം ഇറങ്ങുന്ന ആദ്യ രാജ്യവുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*