
തിരുവനന്തപുരം: മരണാനന്തരം അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ തമിഴ്നാട് നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് കേരളവും ആലോചനകൾ തുടങ്ങിയത്.
പ്രായോഗിക വശങ്ങൾ പരിശോധിച്ചശേഷം ആരോഗ്യവകുപ്പ് സർക്കാരിനു റിപ്പോർട്ട് നൽകും. നയപരമായ കാര്യമായതിനാൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം അന്തിമ തീരുമാനമെടുക്കും. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വലിയ ക്യാംപയിൻ ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സിനിമാ താരങ്ങളെയും സമൂഹത്തിൽ അറിയപ്പെടുന്നവരെയും ക്യാംപയിന്റെ ഭാഗമാക്കും. നവംബർ പകുതിയോടെ ക്യാംപയിൻ ആരംഭിക്കാനാണ് തീരുമാനം.
Be the first to comment