കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കാനുള്ളത്. തൃക്കാക്കര നിയോജക മണ്ഡലം നവകേരള സദസ്സാണ് നാളെ ആദ്യം നടക്കുക. വൈകീട്ട് മൂന്നിന് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ് സദസ്സ് നടക്കുന്നത്. തുടർന്ന് വൈകീട്ട് അഞ്ചിന് പിറവം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ പിറവം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും.
ജനുവരി രണ്ടിന് വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ നിയോജക മണ്ഡലം നവകേരള സദസ്സ് പുതിയകാവ് ക്ഷേത്രമൈതാനിയിൽ നടക്കും. അന്നേ ദിവസം വൈകീട്ട് അഞ്ചിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൈതാനിയിൽ കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും.
പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരായ കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും നാലു മണ്ഡലങ്ങളിലെയും നവകേരള സദസ്സിൽ പങ്കെടുക്കും. തൃക്കാക്കര നവകേരള സദസ്സ് വേദിയിൽ ബോംബ് വെക്കുമെന്ന് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Be the first to comment