വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; ലോഡ് ഷെഡ്ഡിംഗ് തീരുമാനം യോഗശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ 11.31 കോടി യൂണിറ്റിൻ്റെ ഉപയോഗമാണുണ്ടായത്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലാണ്. വൈദ്യുതി ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. സര്‍ക്കാരിനോട് വീണ്ടും ലോഡ് ഷെഡ്ഡിംഗ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ഓവര്‍ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് വരുന്നത്. ഇതുവരെ 700ല്‍ അധികം ട്രാന്‍സ്‌ഫോമറുകള്‍ക്ക് തകരാറ് സംഭവിച്ചുവെന്നും കെഎസ്ഇബി അറിയിച്ചു.

എന്നാല്‍ ലോഡ് ഷെഡ്ഡിംഗിൻ്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മെയ് രണ്ടിന് യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം ബോര്‍ഡിൻ്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമാകും തീരുമാനം. ലോഡ് ഷെഡ്ഡിംഗ് വേണമെന്ന് ഇതുവരെ കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി  പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വളരെ കൂടിയിരിക്കുകയാണ്. ആറും ഏഴും ഇരട്ടിയാണ് ഉപയോഗം. ഒരു വീട്ടില്‍ ഒരു എസി ഉണ്ടായിരുന്നിടത്ത് നാല് എസിയായി. മഴയില്ലാത്തതിൻ്റെ കുറവ് നല്ല രീതിയില്‍ സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. അറുപത് ശതമാനമാണ് വെള്ളത്തിൻ്റെ കുറവ്. ഇരുപത് ശതമാനം മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*