പാലക്കാട്: വൈദ്യുതി ബിൽ അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിച്ച പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതി പുനസ്ഥാപിച്ചു. പത്ത് ദിവസത്തിനകം കുടിശ്ശിക തുക അടക്കാമെന്ന ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്. 24,016 രൂപ കുടിശ്ശിക വരുത്തിയതിനാൽ ബുധനാഴ്ചയാണ് ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചത്.
കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. ഇത് രണ്ടാം തവണയാണ് ഓഫീസിലെ ഫ്യൂസ് ഊരുന്നത്. കഴിഞ്ഞ വര്‍ഷം 80,182 രൂപ കുടിശ്ശികയായതിനെതുടര്‍ന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെ ഓഫീസ് ഇരുട്ടിലായതിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധമുന്നയിച്ചിരുന്നു.
ഓഫീസിൻ്റെ പ്രവർത്തനം നിലയ്ക്കാതിരിക്കാൻ വീടുകളിൽ നിന്ന് സ്വന്തം ലാപ്ടോപ്പ് എത്തിച്ചാണ് ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നത്. കുടിശ്ശിക തുക ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പിനെ ഡിഇഒ ഓഫീസ് ബന്ധപ്പെടുകയും ചെയ്തിരുന്നു.
Be the first to comment