വിവാഹമോചനത്തിന് സുപ്രിംകോടതിക്ക് അധികാരം; അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ബന്ധം തുടരുന്നത് സാധ്യമല്ലെങ്കില്‍ സമ്പൂര്‍ണ്ണ നീതിക്കായി ആര്‍ട്ടിക്കിള്‍ 142 പ്രകാരം നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് കോടതിക്ക് വിവാഹമോചനം തീരുമാനിക്കാം. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. 

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ബാധകമായ 6 മാസം കാത്തിരിക്കേണ്ട നിയമപരമായ ബാധ്യത ആവശ്യമില്ലെന്നും ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ദാമ്പത്യം വീണ്ടെടുക്കാനാകാത്ത തകര്‍ച്ചയിലെത്തിയാല്‍ വിവാഹബന്ധം വേര്‍പെടുത്താമെന്നും കോടതി പറഞ്ഞു. ജീവനാംശം ഉള്‍പ്പെടെയുള്ള മറ്റ് വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ.എസ്.ഓക്ക, വിക്രം നാഥ്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്നതാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനുള്ള നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിലേക്ക് പരാമര്‍ശിച്ച കേസിലെ പ്രധാന പ്രശ്‌നം. എന്നാല്‍ ബന്ധം വഷളായതിന്റെ പേരില്‍ വിവാഹങ്ങള്‍ വേര്‍പെടുത്താന്‍ കഴിയുമോ എന്ന വിഷയം പരിഗണിക്കാനും വാദത്തിനിടെ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*