തമിഴ് സിനിമയിലെ പുതിയ താരോദയം; പ്രദീപ് രംഗനാഥന്റെ ‘ഡ്രാഗൺ’ 100 കോടി ക്ലബ്ബിൽ

പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ‘ഡ്രാഗൺ’ 100 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

‘ലവ് ടുഡേ’ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ‘ഡ്രാഗൺ’ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയാണ് മുന്നേറുന്നത്. റൊമാൻ്റിക് കോമഡി വിഭാഗത്തിൽ എത്തിയ ചിത്രത്തിന് കേരളത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലുമായി മികച്ച ബോക്സ് ഓഫീസ് പ്രകടനവും ചിത്രം കാഴ്ചവെക്കുന്നുണ്ട്.

അനുപമ പരമേശ്വരൻ, കയാഡു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ്. രവികുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വിജയ് ചിത്രം ‘ദി ഗോട്ടി’ന് ശേഷം എ.ജി.എസ്. എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കൽപ്പാത്തി എസ്. അഘോരം, കൽപ്പാത്തി എസ്. ഗണേഷ്, കൽപ്പാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ എസ് പിക്ചേഴ്സ് ത്രൂ ഇ ഫോർ എൻ്റർടെയ്ൻമെൻ്റാണ് ചിത്രം വിതരണം ചെയ്തത്. നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ലിയോൺ ജെയിംസാണ്.

തമിഴ്നാട്ടിൽ നിന്ന് മാത്രം ഏകദേശം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഏകദേശം 75 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് കണക്കുകൾ. ചിത്രത്തിൻ്റെ വിദേശ കളക്ഷൻ 25 കോടി രൂപ കവിഞ്ഞു. യുവപ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരേപോലെ ആകർഷിക്കുന്ന ചിത്രം ഈ വർഷത്തെ തമിഴ്നാട്ടിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്.

Be the first to comment

Leave a Reply

Your email address will not be published.


*