ലൈംഗികാതിക്രമകേസില്‍ പ്രജ്വൽ രേവണ്ണ നാട്ടിലേക്ക്, മെയ് 31ന് ബെംഗളുരുവിലെത്തി കീഴടങ്ങും

ബെംഗളൂരു: ലൈംഗികാതിക്രമകേസില്‍ പ്രതിയായ ബിജെപി സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണ ഒടുവില്‍ നാട്ടിലേക്ക്. മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. കഴി‍ഞ്ഞ ഏപ്രിൽ 27 മുതൽ പ്രജ്വൽ ഒളിവിലാണ്. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്‍റെ നീക്കം. നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചനയുണ്ട്. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

 താൻ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. 26-ന്  വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല. ജർമനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാൻ സമയം ചോദിച്ചത്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഈ വിഷയം ഉയർത്തിക്കാട്ടി എൻഡിഎയ്ക്ക് എതിരെ പ്രചാരണം കടുപ്പിക്കുന്നത് കണ്ടു. 

കടുത്ത വിഷാദത്തിലേക്ക് വഴുതി വീണ താൻ അതിനാലാണ് നിശബ്ദത പാലിച്ചത്. ഹാസനിൽ ചില ദുഷ്ടശക്തികൾ തനിക്കെതിരെ പ്രവർത്തിച്ചു. തന്നെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും പ്രജ്വൽ ആരോപിച്ചു. മെയ് 31-ന് രാവിലെ 10 മണിക്ക് എസ്ഐടിക്ക് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വൽ വ്യക്തമാക്കി. വിചാരണ  നേരിടും. നിയമപോരാട്ടം നടത്തി സത്യം തെളിയിക്കും. ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും പ്രജ്വൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*