പ്രവേശനോത്സവം; അറിവിന്റെ നുറുങ്ങുകളും വർണ്ണചിത്രങ്ങളുമായി ജില്ലയിലെ സ്കൂളുകൾ തയ്യാർ

കോട്ടയം: അറിവിന്റെ നുറുങ്ങുകളും വർണ്ണചിത്രങ്ങളുമായി ജില്ലയിലെ സ്കൂളുകൾ തയ്യാർ. ഇക്കുറി ജില്ലയിൽ പതിനായിരത്തോളം കൂട്ടുകാർ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ്‌ കരുതുന്നത്‌. കുട്ടിക്കഥകളും കളികളും ആട്ടവും പാട്ടും മധുരവുമായി അവരെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ജില്ലാതല പ്രവേശനോത്സവം രാവിലെ ഒമ്പതിന്‌ കുമരകം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു അധ്യക്ഷയാവും. ജില്ലാ പൊലീസ്‌ മേധാവി കെ കാർത്തിക്‌, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ പി എസ് പുഷ്‌പമണി തുടങ്ങിയവർ പങ്കെടുക്കും.

കനത്ത മഴയെ തുടർന്ന്‌ വൈക്കം, വെള്ളൂർ ഭാഗങ്ങളിലെ പതിനഞ്ചോളം സ്‌കൂളുകളിൽ വെള്ളക്കെട്ട്‌ രൂപപ്പെട്ടതിനാൽ അവിടങ്ങളിൽ ഇന്ന്‌ പ്രവേശനോത്സവം ഉണ്ടാവില്ല. വെള്ളക്കെട്ട്‌ ഒഴിവായശേഷം സുരക്ഷാ പരിശോധനകളും ശുചീകരണവും നടത്തി മാത്രമേ ഈ സ്‌കൂളുകൾ തുറക്കൂ എന്ന്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ പ്രവേശനോത്സവം നടത്തുമെങ്കിലും ക്ലാസുകൾ ആരംഭിക്കില്ല.   വിപുലമായ 
ക്രമീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന്‌ വിപുലമായ ക്രമീകരണങ്ങളാണ്‌ സ്‌കൂൾ തുറക്കലിന്‌ മുന്നോടിയായി നടത്തിയത്‌.

ആഴ്‌ചകൾക്കുമുമ്പേ പുതിയ പാഠപുസ്‌തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്‌തു കഴിഞ്ഞു. എല്ലാ സ്‌കൂളുകളിലെയും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി. സ്‌കൂൾ ബസുകളുടെ പരിശോധനകളും ജീവനക്കാർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും മോട്ടോർ വാഹന വകുപ്പ്‌ പൂർത്തിയാക്കി. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും സ്‌കൂൾ അധികൃതരുടെ ആഭിമുഖ്യത്തിലും സ്‌കൂളുകളും പരിസരവും ശുചീകരിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന്‌ വിപുലമായി ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്‌.

Be the first to comment

Leave a Reply

Your email address will not be published.


*