ആദ്യ കുടുംബശ്രീ പ്രീമിയം കഫേ അങ്കമാലിയില്‍; ഉദ്ഘാടനം നാളെ

കൊച്ചി: സംസ്ഥാന തലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രീമിയം കഫേകൾ ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം അങ്കമാലിയിൽ ശനിയാഴ്ച പകൽ 11ന് തദ്ദേശമന്ത്രി എം ബി രാജേഷ് നടത്തും. അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻസിന് എതിർവശത്തായാണ് കഫേ.

സംരംഭകർക്ക് വരുമാന വർധനയ്ക്കൊപ്പം ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യശൃംഖലയ്ക്ക് തുടക്കമിടുകയാണ് ലക്ഷ്യം. വൈവിധ്യമാർന്ന വിഭവങ്ങൾ, പാഴ്സൽ, കാറ്ററിങ്, ഓൺലൈൻ സേവനങ്ങൾ, മികച്ച മാലിന്യസംസ്കരണ ഉപാധികൾ, അംഗപരിമിതർക്കടക്കം ശൗചാലയം, പാർക്കിങ് എന്നിവയുൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാകും പ്രവർത്തനം. ഒരേസമയം കുറഞ്ഞത് 50 പേർക്കെങ്കിലും ഭക്ഷണം നൽകാനുള്ള സൗകര്യമുണ്ടാകും. ദിവസം കുറഞ്ഞത് 18 മണിക്കൂർ പ്രവർത്തിക്കും.

ദിവസം 50000 രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ എറണാകുളം കൂടാതെ ഗുരുവായൂർ, പാലക്കാട് കണ്ണമ്പ്ര, വയനാട് മേപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലും കഫേകൾ തുടങ്ങുന്നുണ്ട്. ഇതിൽ ഗുരുവായൂരിലെയും മേപ്പാടിയിലെയും കഫേകളും ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*