ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡിനെ രാഷ്ട്രപതി നിയമിച്ചു

ദില്ലി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാജ്യത്തിന്‍റെ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ചന്ദ്രചൂഡിനെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. സുപ്രിം കോടതിയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം ഒമ്പതാം തിയതിയാകും സത്യപ്രതിജ്ഞ ചെയ്യുക. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ച് കൊണ്ടുള്ള ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാ‍ർ ചന്ദ്രചൂഡിന് പച്ചക്കൊടി കാട്ടിയത്. 2024 നവംബർ പത്തിന് വിരമിക്കുന്ന അദ്ദേഹത്തിന് രണ്ട് വർഷം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകും.

സമീപകാലത്ത് വന്ന ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും കൂടുതല്‍ കാലം പരമോന്നത നീതിപീഠത്തിന്‍റെ തലപ്പത്തിരിക്കുന്ന ആളാകും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കൃത്യമായി പറഞ്ഞാൽ രണ്ടു വര്‍ഷവും രണ്ട് ദിവസവും എന്നതാകും പരമോന്നത നീതിപീഠത്തിന്റെ തലവന്‍ എന്ന പദവിയില്‍ ചന്ദ്രചൂഡിന്‍റെ കാലാവധി. അച്ഛനും മകനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്നു എന്നതാണ് ചന്ദ്രചൂഡിന്‍റെ നിയമനത്തിലെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം. അച്ഛന്‍ ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഏഴ് വര്‍ഷവും നാല് മാസവും 19 ദിവസവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. (1978 ഫെബ്രുവരി മുതല്‍ 1985 വരെ).

ദയാവധം, സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കല്‍, ഹാദിയ കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം, ഏറ്റവും ഒടുവില്‍ സ്ത്രീകളുടെ ഗര്‍ഭഛിദ്രാവകാശം, അങ്ങനെ സമീപകാലത്ത് രാജ്യം ചര്‍ച്ച ചെയ്ത, രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയ നിരവധി വിധിന്യായങ്ങളില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നീതിബോധവും ഉണ്ടായിരുന്നു. അയോധ്യ തര്‍ക്കത്തില്‍ 2019-ല്‍ അന്തിമവിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലും അംഗമായിരുന്നു ഇദ്ദേഹം.

Be the first to comment

Leave a Reply

Your email address will not be published.


*