രാഷ്ട്രപതി കൊച്ചിയിലെത്തി; മുഖ്യമന്ത്രിയും ഗവര്‍ണറും ചേർന്ന് സ്വീകരിച്ചു

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിൽ എത്തി. പ്രത്യേക വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷം, ദ്രൗപദി മുര്‍മു ആദ്യമായാണ് കേരളത്തിൽ എത്തുന്നത്.

നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രപതി സന്ദര്‍ശിക്കും. ഇതിന് ശേഷം നടക്കുന്ന ചടങ്ങിൽ നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ സമ്മാനിക്കും. വൈകീട്ട് 4.20നാണ് ചടങ്ങ്. ശേഷം വൈകീട്ട് 7.20ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലാവും ഇന്ന് കഴിയുക.

മാർച്ച് 17ന് രാവിലെ 9.30ന് ഹെലികോപ്റ്ററില്‍ കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാര്‍ച്ച് 18ന് രാവിലെ കന്യാകുമാരി സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ഉച്ചയോടെ ലക്ഷദ്വീപിലേ യ്ക്ക് പോകും.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം മാർച്ച് 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്ന് കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് 6 വരെ ഗതാഗത നിയന്ത്രണമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*