പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപനത്തെയും വിമര്‍ശിച്ചു. അടിയന്തരാവസ്ഥയിലൂടെ ഭരണഘടന ആക്രമിക്കപ്പെട്ടുവെന്നായിരുന്നു പരാമര്‍ശം. ഭരണഘടനക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അടിയന്തരാവസ്ഥയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർള നടത്തിയ ആദ്യ പ്രസംഗത്തിലും അടിയന്തരാവസ്ഥയെ വിമർശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പുതിയ അംഗങ്ങള്‍ക്ക് ആശംസ നേര്‍ന്നായിരുന്നു രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ മൂന്നാം തവണ അധികാരത്തില്‍ എത്തി. 140 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു. ജമ്മുകാശ്മീരില്‍ പോളിങ് ശതമാനം വര്‍ധിച്ചത് പരാമര്‍ശിച്ച ദ്രൗപതി മുര്‍മു തിരഞ്ഞെടുപ്പ് കമ്മീഷനെയും അഭിനന്ദിച്ചു.

പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിശദീകരിച്ച രാഷ്ട്രപതി വികസിത ഭാരതത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തടസങ്ങളില്ലാതെ തുടരുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി. എല്ലാ മേഖലയിലും ഇന്ത്യ മുന്നേറുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തമാക്കി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ പിഎം കിസാന്‍ യോജന തുക 20,000 അനുവദിച്ചു. കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചു.

രാഷ്ട്രപതി സംസാരിക്കുന്നതിനിടെ പലപ്പോഴും പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു. നീറ്റ് ക്രമക്കേടും അഗ്നിവീര്‍ പദ്ധതിയും ഉള്‍പ്പടെ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. രാഷ്ട്രപതി വിദ്യാഭ്യസ നേട്ടങ്ങള്‍ വിവരിക്കവെയാണ് പ്രതിപക്ഷം നീറ്റം വിഷയം ഉയര്‍ത്തിയത്. പേപ്പര്‍ ചോര്‍ച്ച തടയാന്‍ നിയമം വിജ്ഞാപനം ചെയ്തുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ സഭയിലേക്ക് ആനയിച്ചത്. ഈ സമയം ചെങ്കോല്‍ പിടിച്ച് പാര്‍ലമെന്റ് ഉദ്യോഗസ്ഥന്‍ രാഷ്ട്രപതിയുടെ സംഘത്തിന് മുന്നിലായി നടന്നു.

Be the first to comment

Leave a Reply

Your email address will not be published.


*