ഫിജിയിലെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി ദ്രൗപദി മുര്‍മു

സുവ: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഫിജിയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രസിഡന്റ് വില്യം മെയ്‌വലിലി കതോനിവരേയാണ് കംപാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഫിജി ദ്രൗപദി മുര്‍മുവിന് സമ്മാനിച്ചത്. ആഗോളതലത്തില്‍ ഇന്ത്യ കുതിക്കുമ്പോള്‍ ഫിജിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് രാഷ്ട്രപതി മുര്‍മു പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മുര്‍മു, ഇന്ത്യയും ഫിജിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് ഈ അംഗീകാരമെന്ന് പറഞ്ഞു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസിഡന്റ് ഫിജി സന്ദര്‍ശിക്കുന്നത്. ഫിജി പാര്‍ലമെന്റിനെയും മുര്‍മു അഭിസംബോധന ചെയ്തു.

ഇന്ത്യ ആഗോള തലത്തില്‍ വന്‍ശക്തിയായി ഉയരുമ്പോള്‍, ഫിജിയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മുര്‍മു പറഞ്ഞു. ഇരുരാജ്യങ്ങളുടെയും മുന്നേറ്റത്തനായി മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടത്താന്‍ നമുക്ക് കഴിയണമെന്നും മുര്‍മു പറഞ്ഞു. വലുപ്പത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ജനാധിപത്യം ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ സമാനതകളുണ്ടെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷം മുന്‍പ് ഫിജി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവും മുര്‍മു എടുത്തുപറഞ്ഞു.

തിങ്കളാഴ്ച ഫിജിയിലെത്തിയെ ദ്രൗപദി മുര്‍മു പ്രസിഡന്റ് വില്യം മെയ്‌വലിലി കതോനിവരേ, പ്രധാനമന്ത്രി സിതിവെനി റബുക്ക എന്നിവരുമായി ചര്‍ച്ച നടത്തി. ഫിജിയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം രാഷ്ട്രപതി ന്യൂസീലന്‍ഡും കിഴക്കന്‍ ടിമോറും സന്ദര്‍ശിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*