
ന്യൂയോർക്ക്: അമേരിക്കയിലെ ക്യാമ്പസുകളില്‍ തുടരുന്ന ഇസ്രയേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പ്രതികരണവുമായി പ്രസിഡന്‍റ് ജോ ബൈഡന്‍. സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാര്‍ക്ക് അവകാശമുണ്ട്, എന്നാല്‍ അക്രമം അംഗീകരിക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.
വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല അമേരിക്ക. എന്നാല്‍ നിയമവ്യവസ്ഥ പാലിക്കപ്പെടണം. അക്രമം അഴിച്ചുവിടാൻ ആര്‍ക്കും അധികാരമില്ല. വിയോജിപ്പുകൾ ജനാധിപത്യപരമായിരിക്കണമെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി. അതേസമയം പ്രതിഷേധങ്ങൾ ഇസ്രയേല്‍ – പലസ്തീന്‍ വിഷയത്തിലെ തന്‍റെ നിലപാടിനെ സ്വാധീനിക്കില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് രാജ്യത്തെ ക്യാമ്പസുകളില്‍ പടരുന്ന ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ ജോ ബൈഡന്‍ പ്രതികരിക്കുന്നത്. രാജ്യത്തെ വിവിധ സർവകലാശാലകളിൽ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായി തുടരുകയാണ്.
കൊളംബിയ സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിൽ സമരക്കാരെ പിരിച്ചുവിടുന്നതിൻ്റെ ഭാഗമായി പോലീസ് വെടിയുതിർത്തു. ആർക്കും പരിക്കേറ്റിട്ടില്ല. അറസ്റ്റും ഭീഷണിയും വകവെക്കാതെ വിദ്യാർത്ഥികൾ പ്രക്ഷോഭവുമായി മുന്നോട്ടുപോവുകയാണ്. ഗാസയില്‍ ആക്രമണം തുടരുന്ന ഇസ്രായേലിന് നല്‍കുന്ന സകല പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനപ്പെട്ട ആവശ്യം.
അതേസമയം ഈജിപ്തിൽ പുരോഗമിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഹമാസും ഇസ്രയേലും വിട്ടുവീഴ്ചക്ക് തയാറായതായി വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഇതിനോട് പക്ഷേ ഹമാസോ ഇസ്രയേലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മൂന്നുഘട്ട വെടിനിർത്തൽ നിർദേശം സംബന്ധിച്ച ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. 40 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലില്‍ വനിത-സിവിലിയൻ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചെന്നാണ് വിവരം.
Be the first to comment