യുക്രെയ്നിൽ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നൽകി പുട്ടിൻ

മോസ്കോ: യുക്രെയ്നിൽ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നൽകി പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. അമേരിക്ക യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചാൽ യുദ്ധത്തിൻ്റെ രൂപം മാറുമെന്നും പുട്ടിൻ പറഞ്ഞു. നിലവിൽ ആണവയുദ്ധത്തിൻ്റെ അവസ്ഥ ഇല്ല. എന്നാൽ സൈനിക, സാങ്കേതിക കാഴ്ചപ്പാടിൽ ഞങ്ങൾ ആണവയുദ്ധത്തിന് തയാറാണ് – ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പുട്ടിൻ പറഞ്ഞു. ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുട്ടിൻ്റെ പ്രതികരണം. അടുത്ത ആറു വർഷം കൂടി 71കാരനായ പുട്ടിൻ തന്നെ റഷ്യയെ നയിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്.

“റഷ്യൻ മേഖലയിലോ യുക്രെയ്നിലോ യുഎസ്, സൈന്യത്തെ വിന്യസിപ്പിച്ചാൽ അത് അനാവശ്യ ഇടപെടലായി റഷ്യ പരിഗണിക്കുമെന്ന് അമേരിക്കയ്ക്ക് അറിയാം. യുഎസ് – റഷ്യ ബന്ധങ്ങളിലെ നയതന്ത്ര വിഷയങ്ങളിൽ വിദഗ്ധരായവർ അമേരിക്കയിലുണ്ട്. അതുകൊണ്ടു തന്നെ തിടുക്കപ്പെട്ട് ആണവയുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന് കരുതുന്നില്ല. എന്നാൽ ഞങ്ങൾ അതിന് സജ്ജരാണ്” – പുട്ടിൻ പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തോടെ, 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കു ശേഷം യുഎസ് – റഷ്യ ബന്ധത്തിൽ വലിയ വിള്ളലുണ്ടായതായി നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നിലേക്ക് സേനയെ അയച്ചത്. രണ്ട് വർഷം പിന്നിട്ട യുദ്ധത്തിൽ പതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ടു. ഇതിൻ്റെ ഇരട്ടിയോളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. റഷ്യക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയെങ്കിലും യുദ്ധത്തിൽ നിന്ന് പിന്മാറാൻ പുട്ടിൻ തയാറായിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*