
കോട്ടയം : രാമപുരം ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാർച്ച് 20ന് നടക്കും. കൂറുമാറ്റ നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിഡൻറിനെ അയോഗ്യ ആക്കിയതിനെ തുടർന്നാണ് രാമപുരത്ത് പുതിയ പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആകെ 18 അംഗങ്ങളുണ്ടായിരുന്നതിൽ പ്രസിഡൻ്റായിരുന്ന ഷൈനി സന്തോഷിനെ കൂറുമാറ്റ നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യ ആക്കിയതിനാൽ ഒരംഗത്തിൻ്റെ കുറവുണ്ട്. നിലവിൽ ആകെ 17 അംഗങ്ങളാണ് ഉള്ളത്. യു ഡി എഫിൽ കോൺഗ്രസ് – 5 ,കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് – 2, ആകെ 7. എൽ ഡി എഫിൽ കേരളാ കോൺഗ്രസ് മണി ഗ്രൂപ്പ് – 5, സ്വതന്ത്രർ – 2, ആകെ 7. ബിജെപി – 3 എന്നിങ്ങനെയാണ് അംഗബലം. കക്ഷി നിലയിൽ ഇരു മുന്നണികൾക്കും തുല്യതയാണുള്ളത്.
യു ഡി എഫിൻ്റെ പ്രസിഡൻറ് സ്ഥാനാർഥി ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചനാണ്.എന്നാൽ ഇത് യു ഡി എഫ് കൂടി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്. എൽ ഡി എഫിൻ്റെ പ്രസിഡൻറ് സ്ഥാനാർഥി കൊണ്ടാട് വാർഡിൽ നിന്നുള്ള കെ എൻ അമ്മിണിയാണ്. ബിജെപി നിക്ഷ്പക്ഷത പാലിക്കുകയോ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയോ ചെയ്താൽ മത്സരം ടോസിലേക്കു നീങ്ങുകയും ടോസ് ലഭിക്കുന്നവർ വിജയിക്കുകയും ചെയ്യും .
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നേർക്കുനേർ മത്സരിക്കുന്ന ഇരു കേരളാ കോൺഗ്രസുകൾക്കും ലോക്സഭാ തെരെഞ്ഞെടുപ്പിനു മുൻപുള്ള ഈ രാഷ്ട്രീയ അങ്കം അഭിമാന പ്രശ്നമാണ് .
Be the first to comment