വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തിൽ അനുഗമിച്ചു. സ്വീകരണത്തിന് ശേഷം 11.17ന് പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ അതേ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിച്ചു.
വയനാട് ദുരന്തഭൂമി സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു. ഹെലികോപ്റ്റർ മാർഗം പ്രധാനമന്ത്രി വയനാട്ടിലേക്ക് പുറപ്പെടും. വയനാട് ഉരുള്‍പൊട്ടലിന്‌റെ പന്ത്രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കുന്നത് പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. സന്ദർശനത്തിനു ശേഷം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ അതോ പ്രത്യേക പാക്കേജ് മാത്രമാകുമോ എന്നതാണ് ഏവരും ഒറ്റുനോക്കുന്നത്.
മോശം കാലാവസ്ഥയെങ്കിൽ റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും ഇന്നലെ പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.ഉരുള്‍പൊട്ടലുണ്ടായ ഭാഗങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയ ശേഷം 12.10ന് കല്‍പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്ത് ഇറങ്ങും.
അവിടെനിന്ന് റോഡ്മാര്‍ഗം മേപ്പാടിയിലേക്കു പോകുമെന്നാണ് സൂചന. തുടര്‍ന്ന് ദുരന്തബാധിതര്‍ കഴിയുന്ന ക്യാംപുകളിലും ആശുപത്രിയിലും സന്ദര്‍ശനം നടത്തും. വയനാട് കലക്ടറേറ്റില്‍ നടത്തുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ദുരന്ത ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി മൂന്നു മണിക്കൂര്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞിരുന്നു. ബെയ്‌ലി പാലം വരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. വൈകിട്ട് 3.45-നാകും കണ്ണൂരില്‍നിന്ന് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വയനാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ ഇന്ന് ജനകീയ തിരച്ചില്‍ ഉണ്ടായിരിക്കില്ല. നാളെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇന്ന് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ദുരന്തത്തില്‍ 413 പേരാണ് മരിച്ചത്. 152 ഓളം പേരെ കണ്ടെത്താനായിട്ടില്ല.
Be the first to comment