പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; റോഡ് ഷോ ഇല്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടക്കുന്ന ചടങ്ങിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിലും പങ്കെടുക്കും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 10 ന് ആരംഭിക്കുന്ന കേരള പദയാത്ര സമാപന ചടങ്ങില്‍ ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെയാണ് പ്രധാനമന്ത്രി പങ്കെടുക്കുക.

സമ്മേളനത്തിന്റെ ഭാഗമായി പ്രകടനമോ പ്രധാനമന്ത്രിയുടെ റോഡ് ഷോയോ ഉണ്ടാകില്ലെന്ന് ബിജെപി അറിയിച്ചു. ബിജെപി പുതുതായി നിര്‍മ്മിച്ച സംസ്ഥാന കാര്യാലയത്തിലും പ്രധാനമന്ത്രി എത്തില്ല. വിമാനത്താവളത്തില്‍ നിന്നും പ്രധാനമന്ത്രി സ്‌പേസ് സെന്ററിലേക്കാണ് പോവുക. വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയും നാളെ പകല്‍ 11 മണി മുതല്‍ 2 വരെയുമാണ് നിയന്ത്രണം. വിമാനത്താവളം, ശംഖുമുഖം, കൊച്ചുവേളി, പൗണ്ട്കടവ് വരെയുള്ള റോഡിലും ഓള്‍ സെയിന്റ്‌സ് ജംക്ഷന്‍ മുതല്‍ ചാക്ക, പേട്ട, പാളയം, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.

ഇതിനൊപ്പം സെക്രട്ടേറിയറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിന് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. നാളെ വിമാനത്താവളം, ശംഖുമുഖം, ഓള്‍ സെയിന്റ്‌സ്, ചാക്ക, ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. നിയന്ത്രണം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നത് കര്‍ശനമായി നിരോധിച്ചതായും പൊലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*