പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡിസിയില്‍; യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും

മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. ന്യൂയോര്‍ക്കിൽ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന 9-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡിസിയിലെത്തിയത്. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സംഘടിപ്പിച്ച സ്വകാര്യ വിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു.

വാഷിങ്ടണ്‍ ഡിസിയിലെത്തിയ പ്രധാനമന്ത്രിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. ചടങ്ങില്‍ ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളും ആലപിച്ചു. ”വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. ഇന്ത്യന്‍ സമൂഹത്തിന്റെ ഊഷ്മളതയും ഇന്ദ്ര ദേവതയുടെ അനുഗ്രഹവും വരവ് കൂടുതല്‍ സവിശേഷമാക്കി”- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ആന്‍ഡ്രൂസ് വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണത്തിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവച്ചു.

പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനുമൊപ്പം വൈറ്റ് ഹൗസില്‍ നടന്ന അത്താഴ വിരുന്നില്‍ മോദി പങ്കെടുത്തു. രാജസ്ഥാനിലെ ജയ്പൂരില്‍ നിര്‍മിച്ച ഒരു പ്രത്യേക ചന്ദനപ്പെട്ടിയാണ് പ്രധാനമന്ത്രി ജോ ബൈഡന് സമ്മാനിച്ചത്. ജില്‍ ബൈഡന് 7.5 കാരറ്റ് ഡയമണ്ടും പ്രധാനമന്ത്രി മോദി സമ്മാനിച്ചു. ലണ്ടനിലെ ഫേബർ ആൻഡ് ഫേബർ ലിമിറ്റഡ് പ്രസിദ്ധീകരിച്ചതും ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി പ്രസിൽ അച്ചടിച്ചതുമായ ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പ്രിന്റും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൈകൊണ്ട് നിർമിച്ച പുരാതന അമേരിക്കൻ പുസ്തക ഗാലി ജോ ബൈഡനും ജിൽ ബൈഡനും നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. കൂടാതെ ജോർജ് ഈസ്റ്റ്മാന്റെ ആദ്യത്തെ കൊഡാക് ക്യാമറയുടെ പേറ്റന്റിന്റെ ആർക്കൈവൽ ഫാക്‌സിമൈൽ പ്രിന്റും അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാർഡ്‌കവർ പുസ്തകവും സഹിതം വിന്റേജ് അമേരിക്കൻ ക്യാമറയും ബൈഡൻ മോദിക്ക് സമ്മാനിച്ചു.

ഇരു നേതാക്കളും അമേരിക്ക-ഇന്ത്യ പ്രതിരോധ ബന്ധം, സാങ്കേതികവിദ്യയിലെ പങ്കാളിത്തം, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തേക്കും. കൂടാതെ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 

 

Be the first to comment

Leave a Reply

Your email address will not be published.


*