ദില്ലി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

1400 കിലോമീറ്റർ ദൈർഘ്യമുള്ള ദില്ലി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റർ ദൈർഘ്യമുള്ള സോഹ്‌ന-ദൗസ പാത ദില്ലിയിൽ നിന്ന് ജയ്‌പൂരിലേക്കുള്ള യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് ഏകദേശം മൂന്നര മണിക്കൂറായി കുറയ്ക്കും. ഇത് മുഴുവൻ മേഖലയിലെയും സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കിഴക്കൻ രാജസ്ഥാനിലെ ദൗസയിലായിരുന്നു ഉദ്ഘാടന പരിപാടി നടന്നത്. 

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ദില്ലി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം ജനങ്ങൾക്കായി തുറന്നുകൊടുക്കും.  ദില്ലിയിൽ നിന്ന്  മുംബൈയിലേക്കുള്ള യാത്രാ സമയം ഗ്രാൻഡ് എക്സ്പ്രസ് വേ പകുതിയായി കുറയ്ക്കും. എട്ട് വരി വീതിയും   1400 കിലോമീറ്റർ നീളവുമുള്ള അതിവേ​ഗ പാത  ഒരു ലക്ഷം കോടി രൂപയിലധികം ചെലവിട്ടാണ് നിർമ്മിക്കുന്നത്. 12 വരി പാതയായി പിന്നീട് വികസിപ്പിക്കാനും പദ്ധതിയുണ്ട്.

ഗുജറാത്ത് മുതൽ മഹാരാഷ്ട്ര വരെ അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധിതിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ,  ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക പാതകൾ തുടങ്ങിയവ പദ്ധതിയുടെ ഭാ​ഗമാണ്.  വഴിയരികിൽ ഇത്രേയേറെ സൗകര്യങ്ങളുള്ള, മേൽപ്പാലങ്ങളും വന്യജീവി ക്രോസിംഗുകളും ഉള്ള ഏഷ്യയിലെ ആദ്യത്തെ ഹൈവേ കൂടിയാണിത്. അപകടമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ സഹായം തേടാൻ ഓരോ രണ്ട് കിലോമീറ്ററിലും എസ്ഒഎസ് സ്റ്റേഷനുകളും ഉണ്ടാകും. 

Be the first to comment

Leave a Reply

Your email address will not be published.


*