കച്ചത്തീവ് വിഷയം വീണ്ടും ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

കച്ചത്തീവ് വിഷയം വീണ്ടും ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ കച്ചത്തീവ് പ്രശ്നം ആളിക്കത്തിയ്ക്കാനാണ് ബിജെപിയുടെ തീരുമാനം. തമിഴ്നാട്ടിലെ ബിജെപി നേതാക്കളും വിഷയം കാര്യമായി ഉന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രിയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ആരോപണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ ജനശ്രദ്ധ തിരിയ്ക്കാനാണ് കച്ചത്തീവ് ഉയർത്തിപ്പിടിയ്ക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു.

ശ്രീലങ്കയ്ക്ക് കച്ചത്തീവ് വിട്ടുകൊടുത്തതിലൂടെ ഡിഎംകെയും കോൺഗ്രസും തമിഴ്നാട്ടിലെ ജനങ്ങളുടെ താൽപര്യങ്ങളെ ഹനിയ്ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. ഡിഎംകെയും കോൺഗ്രസും കുടുംബപാർട്ടികളാണ്. സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് അവരുടെ ഭരണം. ഓരോ ദിവസവും മത്സ്യതൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്നത് കച്ചത്തീവ് വിട്ടുകൊടുത്തതിനാലാണ്. മത്സ്യതൊഴിലാളി സ്ത്രീകളുടെ താൽപര്യങ്ങൾ പോലും സംരക്ഷിയ്ക്കാൻ ഡിഎംകെയും കോൺഗ്രസും ശ്രമിച്ചില്ലെന്നും പ്രധാനമന്ത്രി എക്സിൽ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കച്ചത്തീവ് വിഷയത്തിൽ രംഗത്തെത്തി. ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ നിസാരമായാണ് കോൺഗ്രസ്‌ കണ്ടത്. സ്വരൻ സിംഗ് പാർലമെൻ്റിൽ അവതരിപ്പിച്ച ധാരണാപത്രത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണം നൽകും എന്നാണ് പറഞ്ഞത്. എന്നാൽ 6184 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ ശ്രീലങ്ക ഇതുവരെ പിടികൂടി. കഴിഞ്ഞ 5 വർഷമായി പലതവണ ആയി പാർലമെൻ്റിൽ ഈ വിഷയം തങ്ങൾ ഉയർത്തുന്നുണ്ട്. എങ്ങനെയാണ് കച്ചത്തീവ് വിട്ട് കൊടുത്തതെന്ന് ജനങ്ങൾ അറിയണം.

വിഷയത്തിൽ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തനിക്കും പല തവണ കത്തെഴുതിയെന്നും എസ് ജയശങ്കർ. എന്നാൽ തെരഞ്ഞെടുപ്പിൽ ജനശ്രദ്ധ തിരിയ്ക്കാൻ മാത്രമാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷം കുംഭകർണ സേവ നടത്തിയിരുന്നവർ ഇപ്പോൾ ഉണർന്നത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാത്രമാണ്. കച്ചത്തീവ് വിഷയം ഉയർത്തുന്ന ബിജെപിയോട് മൂന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെടുന്നത്.

ഒരു രൂപ നികുതി അടയ്ക്കുമ്പോൾ തമിഴ്നാടിന് തിരികെ നൽകുന്നത് 29 പൈസയാണ്. അതിൻ്റെ കാരണം വ്യക്തമാക്കണം. പ്രളയ ദുരിതാശ്വാസമായി ഒരു രൂപ പോലും കേന്ദ്രം ഇതുവരെ അനുവദിച്ചില്ല. തമിഴ് നാടിന് കേന്ദ്രം നൽകിയ പ്രത്യേക പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്നും എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ് നാട്ടിലെ നാം തമിഴർ കക്ഷിയുൾപ്പെടെയുള്ള പാർട്ടികളും ബിജെപി നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*