‘കോൺഗ്രസ് അർബൻ നക്‌സലുകളുടെ നിയന്ത്രണത്തിൽ’; വിമർശിച്ച് നരേന്ദ്ര മോദി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വിദേശ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കുകളായി കണ്ട് സ്വന്തം രാജ്യത്തെ പൗരന്മാരെ പരിഹസിക്കുന്ന അർബൻ നക്‌സലുകളുടെ നിയന്ത്രണത്തിലാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ജമ്മുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ ധീരരായ സൈനികരുടെ ത്യാഗങ്ങളെ കോൺഗ്രസ് ഒരിക്കലും ആദരിച്ചിട്ടില്ല. ഇന്ന്, നമ്മുടെ സ്വന്തം പൗരന്മാരുടെ കഷ്‌ടപ്പാടുകളെ പരിഹസിച്ച് കൊണ്ട് വിദേശ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കുകളായി സ്വീകരിക്കുന്ന അർബൻ നക്‌സൽ അനുഭാവികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു’ നരേന്ദ്ര മോദി പറഞ്ഞു.

കോൺഗ്രസും നാഷണൽ കോൺഫറൻസും പിഡിപിയും ജമ്മുവിനോട് എല്ലായ്‌പ്പോഴും അനീതി മാത്രമാണ് കാണിച്ചിട്ടുള്ളതെന്ന് മോദി ആരോപിച്ചു. ‘ഇന്ന്, ജമ്മു കശ്‌മീരിൽ നടക്കുന്ന മാറ്റങ്ങളിൽ കോൺഗ്രസ്-എൻസിയും പിഡിപിയും രോഷാകുലരാണ്. നിങ്ങളുടെ വികസനം അവർ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ സർക്കാർ രൂപീകരിച്ചാൽ പഴയ സംവിധാനം തിരികെ കൊണ്ടുവരുമെന്നാണ് അവർ പറയുന്നത്. എന്നാൽ ജമ്മുവിൽ വിവേചനപരമായ ഭരണമാകും അവർ കൊണ്ടുവരിക’ മോദി പറഞ്ഞു.

പതിറ്റാണ്ടുകളായി കോൺഗ്രസ്, എൻസി, പിഡിപി പാർട്ടികൾ അവരുടെ നേതാക്കന്മാരുടെയും കുടുംബങ്ങളുടെയും താത്‌പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. മാത്രമല്ല, വികലമായ നയങ്ങളിലൂടെയും നിസംഗതയിലൂടെയും അവഗണനയിലൂടെയും നമ്മുടെ തലമുറകളുടെ അധപതനത്തിനും ചൂഷണത്തിനും കോൺഗ്രസിന് കാര്യമായ ഉത്തരവാദിത്തമുണ്ടെന്നും മോദി വിമർശിച്ചു.

ജമ്മുവിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാൻ തന്നാലാകുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകുന്നതായി മോദി പറഞ്ഞു. ‘നമ്മുടെ സൈന്യത്തിന്‍റെ സർജിക്കൽ സ്‌ട്രൈക്കുകളുടെ വിശ്വാസ്യതയെ കോൺഗ്രസ് പാർട്ടി നിരന്തരം ചോദ്യം ചെയ്യുകയാണ്. അത്തരം വഞ്ചന ഞങ്ങൾക്ക് ക്ഷമിക്കാനാകുമോ?. ഒരിക്കലുമില്ല’ – മോദി കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതാക്കുകയാണെന്ന് പ്രധാന മന്ത്രി ആരോപിച്ചു. 2016ൽ പാക്കിസ്ഥാനെതിരായ സർജിക്കൽ സ്‌ട്രൈക്കിനെ എതിർക്കുകയും അതിന് തെളിവ് ആവശ്യപ്പെടുകയും ചെയ്‌ത കോൺഗ്രസിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ‘ഇതൊരു പുതിയ ഇന്ത്യയാണെന്നും തെറ്റുകൾ കണ്ടാൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ന് സെപ്‌റ്റംബർ 28 ആണ്. 2016 സെപ്‌റ്റംബർ 28ന് രാത്രി നമ്മൾ ഒരു സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. അന്ന് ഇതാണ് പുതിയ ഇന്ത്യ, ഇതാണ് മാറിയ ഭൂമി. ആരെയാണ് ഞങ്ങൾ ഭയപ്പെടേണ്ടത്?” എന്ന് നമ്മൾ ലോകത്തോട് ചോദിച്ചിരുന്നതായി മോദി പറഞ്ഞു.

അതേസമയം ജമ്മു കശ്‌മീരിൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം സെപ്റ്റംബർ 18 നും രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 25 നും നടന്നിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഒക്ടോബർ 1നാണ്.

വോട്ടെണ്ണൽ ഒക്ടോബർ 8ന് നടക്കും. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേന്ദ്ര ഭരണപ്രദേശമായ ജമ്മുസ കശ്‌മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*