
ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് പേര് നിര്‍ദേശിച്ചത്. അംഗങ്ങള്‍ കയ്യോടെ നിര്‍ദേശത്തെ പിന്തുണച്ചു. അമിത് ഷാ തീരുമാനത്തെ പിന്തുണച്ചു.
തുടര്‍ച്ചയായ മൂന്നാം തവണയാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്നത്. ഞായറാഴ്ച്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡുവും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും പിന്തുണച്ചു.
ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ പോവുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രസംഗിച്ചു. രാജ്യത്തിന് ശരിയായ സമയത്ത് ശരിയായ നേതാവിനെ ലഭിച്ചെന്ന് മോദിയെ പരാമര്‍ശിച്ചുകൊണ്ട് ചന്ദ്ര ബാബു നായിഡു പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ ഉറച്ച വിശ്വാസമുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം സാമ്പത്തിക ശക്തിയില്‍ ഒന്നോ രണ്ടോ സ്ഥാനത്തെത്തുമെന്നും ചന്ദ്ര ബാബു നായിഡു പറഞ്ഞു.
തന്റെ പാര്‍ട്ടി എല്ലാക്കാലത്തും നരേന്ദ്രമോദിക്കൊപ്പം നിലകൊള്ളുമെന്ന് നിതീഷ് കുമാര്‍ പ്രസംഗിച്ചു. നിതീഷുമായി ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന വാര്‍ത്തകളെ തള്ളുന്നതായിരുന്നു നിതീഷിന്റെ പ്രതികരണം. എവിടെയൊക്കയോ ആയി ചില സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യം വിജയിച്ചു. അടുത്ത തവണ ഈ സീറ്റും നമ്മള്‍ പിടിക്കും. ഇന്‍ഡ്യ സഖ്യം നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. മോദി രാജ്യത്തെ സേവിച്ചു. തങ്ങള്‍ അദ്ദേഹത്തിനൊപ്പം നിലകൊള്ളുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
Be the first to comment