ന്യൂഡല്‍ഹി: പോളണ്ടില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടില്‍ എത്തിയത്. ഇത് യുദ്ധത്തിനുമുള്ള സമയമല്ലെന്നും ഏത് സംഘര്‍ഷവും നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കപ്പെടണമെന്നും നരേന്ദ്ര മോദി പറഞ്ഞു. പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
പതിറ്റാണ്ടുകളായി എല്ലാ രാജ്യങ്ങളില്‍ നിന്നും അകലം പാലിക്കുക എന്ന നയമാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ നയം എല്ലാ രാജ്യങ്ങളുമായി അടുത്തിടപഴകുക എന്നതാണ്. ആഹ്‌ളാദാരവങ്ങളോടെയാണ് ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.
‘ഇന്ത്യക്കാരുടെ സ്വത്വങ്ങളിലൊന്നാണ് സഹാനുഭൂതി. ഏത് രാജ്യത്തും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം സഹായം എത്തിക്കുന്നത് ഇന്ത്യയാണ്.കോവിഡ് വന്നപ്പോള്‍ ഇന്ത്യ ആദ്യം ഇടപെട്ടത് മനുഷ്യത്വത്തിനായാണ്. ഇന്ത്യ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ സഹായിക്കുന്നു. ഇന്ത്യ ബുദ്ധന്റെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നു, അതിനാല്‍, യുദ്ധമല്ല സമാധാനത്തിലാണ് വിശ്വസിക്കുന്നത്. ഇന്ത്യ ഈ മേഖലയില്‍ സമാധാനത്തിന്റെ വക്താവാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് വ്യക്തമാണ്. വെല്ലുവിളികളെ നേരിടാന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. നയതന്ത്രത്തിലും സംഭാഷണത്തിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ മോദി പറഞ്ഞു.
പോളണ്ട് സന്ദര്‍ശിച്ച മോദി, വാര്‍സയിലെ ഗുഡ് മഹാരാജ സ്‌ക്വയര്‍ സന്ദര്‍ശിച്ചു. ജാംനഗറിലെ മുന്‍രാജാവിന്റെ സ്മാരകമാണിത്. മഹാരാജാ സ്‌ക്വയറിന് പുറമെ മറ്റ് രണ്ട് സ്മാരകങ്ങള്‍ കൂടി അദ്ദേഹം സന്ദര്‍ശിച്ചു. പോളണ്ട് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി യുക്രൈനും സന്ദര്‍ശിക്കും.
Be the first to comment