ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ശനിയാഴ്ചയാണ് തിരിച്ചെത്തുക. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം.
ഇന്ത്യ-ഭൂട്ടാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പുള്ള മോദിയുടെ അവസാന വിദേശ സന്ദർശനമായിരിക്കും ഭൂട്ടാനിലേതെന്നാണ് കണക്കാക്കപ്പെടുന്നത്.
മോദിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകൾ ഭൂട്ടാനിലെങ്ങും ഉയർന്നിട്ടുണ്ട്. മാർച്ച് 14 മുതൽ 18 വരെ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടൊഗ്ബേയ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ ഭൂട്ടാൻ സന്ദർശനം. ജനുവരിയിൽ ഭരണത്തിലെത്തിയ ശേഷം ടൊഗ്ബേയ് ആദ്യമായി സന്ദർശിച്ച വിദേശ രാജ്യം ഇന്ത്യയാണ്. ഭൂട്ടാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ഭൂട്ടാന്റെ 13-ാമത് പഞ്ചവത്സര പദ്ധതിയെ പിന്തുണയ്ക്കുമെന്ന് മോദി അറിയിച്ചിരുന്നു. ഇരുവരും സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു.
Be the first to comment