ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പത്തനംതിട്ട: ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. യുവത്വത്തിന്റെ പ്രതീകമാണ് അനില്‍ അന്റണി. കേരളത്തിന്റെ നവീകരണത്തിന് അനില്‍ ആന്റണിയുടെ വിജയം ആവശ്യമാണെന്ന് മോദി പറഞ്ഞു. കേരളത്തിലേത് അഴിമതി നിറഞ്ഞ സര്‍ക്കാരുകളാണ് മാറി മാറിവരുന്നത്. അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം വലുതാണെന്നും മോദി പറഞ്ഞു.

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ പോലും മര്‍ദനത്തിന് ഇരയാകുന്നു. മഹിളകളും യുവാക്കളും എല്ലാവരും ഭയപ്പെട്ടാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ ആലസ്യത്തില്‍ ഉറങ്ങുകയാണ്. ഇതിന് മാറ്റം അനിവാര്യമാണ്. എല്‍ഡിഎഫ്- യുഡിഎഫ് എന്നത് മാറിയാല്‍ മാത്രമേ കേരളത്തിന് മോചനം ഉണ്ടാകുകയുള്ളവെന്ന് മോദി പറഞ്ഞു. സംസ്ഥാനത്ത് നിയമവ്യവസ്ഥ തകര്‍ന്നതായും മോദി പറഞ്ഞു. അധികാരത്തില്‍ വരാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് ഇവിടുത്തേത്. ഇവിടെ പരസ്പരം പോരടിക്കും. ഡല്‍ഹിയിലെത്തിയാല്‍ അവര്‍ ഒന്നാണ്. ഇവര്‍ എന്തുമാത്രം നഷ്്ടമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്.

ഇവരെ ഒരു തവണ അധികാരത്തില്‍ നിന്ന് പുറത്താക്കിയാല്‍ ഒരിക്കല്‍ പോലും ഇവര്‍ തിരിച്ചെത്തില്ല. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പട്ടപ്പോള്‍ അവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശിലും ബംഗാളിലും ഗുജറാത്തിലും ഒഡീഷയിലും അധികാരം നഷ്ടമായ ശേഷം അവര്‍ തിരിച്ചെത്തിയിട്ടില്ല. കമ്യൂണിസ്റ്റുപാര്‍ട്ടിയെ ബംഗാളും ത്രിപുരയും തൂത്തെറിഞ്ഞു. ഇനി ഒരിക്കലും അവിടെ അധികാരത്തിലെത്താന്‍ അവര്‍ക്ക് കഴിയില്ലെന്നും മോദി പറഞ്ഞു.

കാലഹരണപ്പെട്ട ആശയം വച്ച് മുന്നോട്ടുനയിക്കുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും. പാര്‍ലമെന്റില്‍ പുരോഗമനാശയങ്ങളെ ഇരുവരും എതിര്‍ക്കുകയായിരുന്നു. മുത്തലാഖിനെ അവര്‍ എതിര്‍ത്തതായും മോദി പറഞ്ഞു. സ്വാമിയേ ശരണം അയ്യപ്പാ എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. പത്തനംതിട്ടയിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ക്കും നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞതോടെ സദസ് നിറഞ്ഞ കൈയടിയോടെയാണ് മോദിയെ വരവേറ്റത്. രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*