ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ പ്രധാനമന്ത്രി; അഭ്യര്‍ഥന എക്‌സിലൂടെ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരം രൂപയുടെ രസീത് എക്‌സില്‍ പങ്കുവെച്ചു കൊണ്ടാണ് മോദിയുടെ അഭ്യര്‍ഥന.

‘ബിജെപിക്ക് സംഭാവന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണിത്. രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരാന്‍ നമോആപ്പ് വഴി സംഭാവന നല്‍കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു’- മോദി ട്വിറ്ററില്‍ കുറിച്ചു. 2000 രൂപ സംഭാവന നല്‍കിയതിന്റെ രസീതിന്റെ ചിത്രം സഹിതമാണ് ട്വീറ്റ്.

രാജ്യത്തെ ഏറ്റവും ആസ്തിയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഫണ്ട് അഭ്യര്‍ഥന. തിരഞ്ഞെടുപ്പ് പരിഷ്‌കരണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) പുറത്തുവിട്ട കണക്കു പ്രകാരം 6,041.65 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. 2022-23 വര്‍ഷത്തെ കണക്ക് പ്രകാരമാണ് ഇത്. 2021-22 വര്‍ഷത്തില്‍ പാര്‍ട്ടിയുടെ ആസ്തി 4,990 കോടി രൂപയായിരുന്നു.

ഒരു വര്‍ഷക്കാലയളവില്‍ 1056.81 കോടി രൂപയുടെ ആസ്തിയാണ് പാര്‍ട്ടിക്ക് വര്‍ധിച്ചത്. ആസ്തിയുടെ കാര്യത്തില്‍ കോണ്‍ഗ്രസാണ് ബിജെപിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 805.68 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി. മായാവതിയുടെ ബിഎസ്പിയാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. 690.71 കോടി രൂപയാണ് ബിഎസ്പിയുടെ ആസ്തി. 458.10 കോടി രൂപയുമായി തൃണമൂല്‍ കോണ്‍ഗ്രസാണ് മൂന്നാമത്. ഏറ്റവും കുറച്ച് ആ്‌സതിയുള്ളത് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കാണ്- 1.82 കോടി രൂപ. അതുകഴിഞ്ഞാല്‍ സിപിഐയാണ്. 15.67 കോടി.

 

Be the first to comment

Leave a Reply

Your email address will not be published.


*