പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തുടർന്ന് സംസ്ഥാനത്തെ 2 മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്താണ് പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ശേഷം 11 മണിയോടെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചാരണം നടത്തും.

ആറ്റങ്ങലിലെയും തിരുവനന്തപുരത്തെയും എൻഡിഎ സ്ഥാനാർഥികളായ കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർക്കായി വോട്ട് അഭ്യർഥിക്കും. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.

ഞായറാഴ്ച മൈസൂരുവില്‍ നിന്ന് വിമാനമാര്‍ഗം രാത്രി 10 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. മാര്‍ച്ച് 19-ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി പ്രചാരണത്തിനെത്തിയിരുന്നു. പ്രധാനമന്ത്രിക്ക് തമിഴ്നാട്ടിലും ഇന്ന് നാളെയും പരിപാടികൾ ഉണ്ട്. ഈ മാസം 19നാണ് തമിഴ്നാട്ടിൽ വോട്ടിംഗ്.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളില്‍ പങ്കെടുക്കും. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുല്‍ പങ്കെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*