പ്രധാനമന്ത്രി കൊച്ചിയിൽ നാളെ ക്രൈസ്തവ സഭാധ്യക്ഷന്മാരെ കാണും

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴ് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിൽ വെല്ലിങ്ങ് ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച.

സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്‌ളിമിസ് കാതോലിക്ക ബാവ, ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, യാക്കോബായ സഭയെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, കോട്ടയം ക്‌നാനായ സഭയുടെ അധിപന്‍ ബിഷപ്പ് മാത്യു മൂലക്കാട്ട്, തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍ദായ സുറിയാനി സഭയുടെ മേധാവി മാര്‍ ഔജിന്‍ കുര്യാക്കോസ്, ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, ചിങ്ങവനം ക്‌നാനായ സഭയുടെ മേധാവി കുര്യാക്കോസ് മാര്‍ സേവറിയൂസ്, സീറോ മലങ്കര സഭ കർദിനാൾ മാർ ക്ളിമ്മീസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. പാർട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാൻ പിടിച്ച ഡോക്ടർ കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ പാർടിയോട് ചേർത്ത് നിർത്തുക എന്ന ബിജെപിയുടെ പദ്ധതിയുടെ ഭാഗമായുള്ള രാഷ്ട്രീയ നീക്കമായാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകളെ നിരീക്ഷകർ വിലയിരുത്തുന്നത്. ‌

Be the first to comment

Leave a Reply

Your email address will not be published.


*