പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണം

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ഇതോടെ വിമർശകർക്ക് വീണ്ടുമൊരു ശക്തമായ മറുപടിയും ഈ വർഷത്തെ വിജയങ്ങൾക്ക് ഒരു തുടർച്ചയുമാണ് താരം നൽകിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

പൃഥ്വിരാജ് എന്ന താരത്തിന് സോളോ വിജയങ്ങൾ കുറവാണെന്നും ഒറ്റയ്ക്ക് 50 കോടി ക്ലബിൽ കയറ്റിയ സിനിമകൾ ഒന്നുമില്ലെന്നും പലരും വിമർശിച്ചിരുന്നു. ബ്ലെസി ചിത്രം ആടുജീവിതം 150 കോടി നേടിയതിലൂടെ ഈ വിമർശനത്തിന് താരം മറുപടി നൽകിയിരുന്നു. താരത്തിന് കോമഡി അവതരിപ്പിക്കാനറിയില്ല എന്നായിരുന്നു മറ്റൊരു വിമർശനമുണ്ടായിരുന്നത്. ഗുരുവായൂരമ്പല നടയിലെ ആനന്ദൻ എന്ന കഥാപാത്രത്തിലൂടെ ഇപ്പോൾ അതിനും പൃഥ്വിയുടെ വക മറുപടിയെത്തി എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.

അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കഴിഞ്ഞ വർഷമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഇത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*