കൊച്ചി: സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ടീമായ ഫോഴ്‌സ കൊച്ചി എഫ്‌സിയുടെ ലോഗോ പുറത്തുവിട്ട് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ‘ഇത് നമ്മുടെ കഥ, ഇത് നമ്മുടെ ലോഗോ’ എന്ന ക്യാപ്ഷനോടെ ക്ലബ്ബ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലോഗോ പുറത്തുവിട്ടത്. ഇത് പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.
കേരളത്തിലെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചിയെ പ്രതിനിധീകരിക്കുന്ന ടീമാണ് ഫോഴ്‌സാ കൊച്ചി എഫ്‌സി. ജൂലൈ 11നാണ് ക്ലബ്ബിന്റെ പേര് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. പൃഥ്വിരാജും ഭാര്യ സുപ്രിയയും കൊച്ചിയുടെ പേരില്‍ ഇറക്കുന്ന ടീമിന് പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സാമൂഹിക മാധ്യമത്തില് താരം നേരത്തേ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.
‘ഒരു പുതിയ അധ്യായം കുറിക്കാനും കാല്‍പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാനും ‘ഫോഴ്‌സാ കൊച്ചി’ കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാന്‍, ഒരു പുത്തന്‍ ചരിത്രം തുടങ്ങാന്‍’, പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചു.
ദേശീയ ലീഗായ ഐഎസ്എൽ മാതൃകയിൽ സംസ്ഥാനത്ത് തുടങ്ങുന്ന ഫുട്‍ബോൾ ലീഗിൽ നിക്ഷേപവുമായി നേരത്തേ പൃഥ്വിരാജ് എത്തിയിരുന്നു. സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്ബോള്‍ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായും പൃഥ്വിരാജ് മാറി.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക. 45 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരളയ്ക്ക് സെപ്റ്റംബര്‍ ആദ്യവാരം കിക്കോഫാകും. കേരളത്തിലെ വളർന്നുവരുന്ന നിരവധി താരങ്ങൾക്ക് ദേശീയ ടീമിലേക്കും ക്ലബുകളിലേക്കും കേരള സൂപ്പർ ലീഗ് വഴി തുറക്കുമെന്നാണ് ആരാധകരുടെയും സംഘാടകരുടെയും പ്രതീക്ഷ.
Be the first to comment