
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്‍റെ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ തകർന്നു. റായ്ഗഡിലെ മഹാഡിൽ ലാൻഡിംഗിനിടെ ആണ് അപകടം. രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവർക്കും പരിക്കുണ്ട്. ഉദ്ധവ് സേന നേതാവ് സുഷമ ആന്ധരെയെ കൊണ്ടുപോകാൻ വന്ന ഹെലികോപ്ടറാണിത്.
മഹാഡിലെ താത്ക്കാലിക ഹെലിപാഡിൽ രാവിലെ ഒൻപതരയോടെ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. ലാൻഡിംഗിനിടെ തെന്നിമാറിയ ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് വീണു. വലിയ ശബ്ദത്തിനൊപ്പം പ്രദേശത്താകെ പൊടിപടലവും നിറഞ്ഞു. പൈലറ്റുമാർ ഹെലികോപ്റ്ററിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇരുവർക്കും പരിക്കുണ്ട്. പോലീസും രക്ഷാദൗത്യ സംഘവും ഉടനെ സംഭവ സ്ഥലത്തെത്തി.
ബാരാമതിയിലെ എൻസിപി സ്ഥാനാർഥി സുപ്രിയ സുലെയുടെ പ്രചാരണത്തിന് പോകാനായിട്ടായിരുന്നു സുഷമാ ആന്ധരെ ഹെലികോപ്ടർ എത്തിച്ചത്. അപകട സമയത്ത് നേതാക്കളാരും കോപ്റ്ററിലുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ സുഷമ കാറിൽ പുറപ്പെട്ടു.
Be the first to comment