മോഹൻലാലിനും അക്ഷയ് കുമാറിനുമൊപ്പം ശക്തമായ തിരിച്ചുവരവിനായി പ്രിയദർശൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. എന്നും ഓർത്തിരിക്കുന്ന നിരവധി കോമഡി, ആക്ഷൻ സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് അദ്ദേഹം. 1984 ൽ പൂച്ചക്കൊരു മൂക്കുത്തിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ കരിയറിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 96 സിനിമകൾ ഇതുവരെ പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയിട്ടുള്ളത്. ഹിന്ദിയിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.

സെയ്ഫ് അലി ഖാൻ, ബോബി ഡിയോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ഇതില്‍ ആദ്യത്തേത്. മോഹൻലാൽ നായകനായി എത്തി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഒപ്പത്തിന്റെ റീമേക്ക് ആണിത്. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായക കഥാപാത്രത്തെ സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുമ്പോൾ സമുദ്രക്കനിയുടെ വില്ലനെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്. 2025 ൽ ചിത്രം തിയേറ്ററിലെത്തും.

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള കൂട്ടുകെട്ടാണ് പ്രിയദർശൻ – അക്ഷയ് കുമാർ. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ഏറെ കാലത്തിന് വേഷം വീണ്ടും അക്ഷയ് കുമാറുമായി ഒന്നിക്കുകയാണ് പ്രിയദർശൻ. ഭൂത് ബംഗ്ലാ എന്ന് പേരിട്ട ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. 2025 ല്‍ പ്രദര്‍ശനത്തിനെത്തും. 

2010 ൽ പ്രദർശനത്തിനെത്തിയ ഖട്ടാ മീട്ടായാണ് പ്രിയദർശന്റെ സംവിധാനത്തിൽ അക്ഷയ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിലത്തെ ചിത്രം. ദളപതി വിജയ്‌യുടെ അവസാനത്തെ ചിത്രമായ ദളപതി 69ന്‍റെ നിര്‍മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആദ്യമായി നിര്‍മിക്കുന്ന ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നതും പ്രിയദർശൻ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. 

ഈ വർഷം അവസാനം തന്നെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കാനാണ് പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളെ ഏറെ ചിരിപ്പിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ കോംബോ. തേന്മാവിൻ കൊമ്പത്ത്, കാക്കക്കുയിൽ, ചന്ദ്രലേഖ, വന്ദനം തുടങ്ങി ഇന്നും മലയാളികൾ ഓർത്ത് ചിരിക്കുന്ന നിരവധി സിനിമകൾക്ക് പിന്നിൽ ഈ കോംബോയാണ്.

 പ്രിയദർശൻ സംവിധാനം ചെയ്യുന്ന 100ാമത്തെ ചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിക്കുന്നെന്ന വാർത്ത എം.ജി ശ്രീകുമാര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*