വയനാട്: ആവേശം കൊട്ടിക്കയറി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ. സുൽത്താൻ ബത്തേരി അസംപ്ഷൻ ചർച്ചിന് മുൻപിൽ നിന്നാരംഭിച്ച റോഡ് ഷോ ചുങ്കം ജങ്ഷനിലാണ് അവസാനിച്ചത്. സ്ഥാനാർഥിയെ ഒരു നോക്ക് കാണുവാനായി ചേർന്നണഞ്ഞ ആയിരങ്ങൾക്കിടയിലേക്ക് രാഹുൽ പ്രിയങ്കയും കടന്നുവന്നപ്പോൾ ആവേശം അണപൊട്ടി.
കത്തുന്ന വേനൽ ചൂടിനെ അവഗണിച്ച് റോഡിലും റോഡരികിലും കെട്ടിടങ്ങൾക്ക് മുകളിലുമായി കാത്തിരുന്ന ആയിരങ്ങളെ ഇരുവരും അഭിവാദ്യം ചെയ്‌തു. സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ ജനാവലിയായിരുന്നു സുൽത്താൻ ബത്തേരിയിലേക്ക് ഒഴുകിയെത്തിയത്. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും റോഡ് ഷോയുടെ ആവേശം കൊടുമുടിയിലെത്തിച്ചു.
ഹൃദയം നിറയെ വയനാടെന്ന് രാഹുൽ ഗാന്ധി
‘ഐ ലവ് യു വയനാട്’ എന്നെഴുതിയ വെള്ള ടീഷർട്ട് ധരിച്ചായിരുന്നു രാഹുൽ ഗാന്ധിയെത്തിയത്. തന്‍റെ ഹൃദയം നിറയെ വയനാടാണെന്ന് പറഞ്ഞ രാഹുൽ താൻ വയനാടിന്‍റെ അനൗദ്യോഗിക എംപിയായിരിക്കുമെന്നും പറഞ്ഞു. വയനാടിനോടും തൻ്റെ സഹോദരിയോടുമുള്ള സ്നേഹത്തെക്കുറിച്ച് പറഞ്ഞു വൈകാരികമായാണ് രാഹുൽ ഗാന്ധി സംസാരിച്ചത്.
വയനാടിന് തൻ്റെ കുഞ്ഞനുജത്തിയെ നൽകുകയാണെന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധിക്ക് രാഹുൽഗാന്ധി ചുംബനവും നൽകി. വയനാട്ടിൽ വന്നതിന് ശേഷമാണ് ഞാൻ ആദ്യമായി രാഷ്ട്രീയത്തിൽ സ്നേഹം എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. വയനാട്ടിലെ ജനങ്ങൾ കളങ്കമില്ലാത്ത സ്നേഹം നൽകാൻ തുടങ്ങിയപ്പോൾ എൻ്റെ രാഷ്ട്രീയ വീക്ഷണം തന്നെ മാറുകയായിരുന്നു.
ദേഷ്യത്തെയും വിദ്വേഷത്തേയും വെറുപ്പിനെയും മറികടക്കാൻ ഒരേയൊരു മാർഗം സ്നേഹവും ഇഷ്‌ടവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് വയനാട് നൽകിയ പരിഗണനയിൽ നിന്നാണ്. രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഞാൻ സ്നേഹമെന്ന വാക്ക് മുൻപ് ഉപയോഗിച്ചിരുന്നില്ല. എന്നാൽ വയനാട്ടിലെ ജനങ്ങളാണ് രാഷ്ട്രീയത്തിൽ അതിന് വലിയ പ്രാധാന്യമുണ്ടെന്ന് എന്നെ പഠിപ്പിച്ചത്.
അതുകൊണ്ടാണ് ഞാൻ ഈ ടീഷർട്ട് ധരിച്ചത്. വയനാട്ടുകാർ എൻ്റെ ഹൃദയത്തിൽ വലിയ ഇടമാണ് നേടിയിട്ടുള്ളത്. അത് രാഷ്ട്രീയത്തിനപ്പുറമാണ്. ഞാൻ വയനാടിന്‍റെ അനൗദ്യോഗിക ജനപ്രതിനിധിയാണ്. ലോകത്ത് ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി വയനാടിനെ മാറ്റണമെന്ന വെല്ലുവിളി ഞാൻ പ്രിയങ്കയ്ക്ക് നൽകുകയാണ്. കേരളം എന്ന് കേൾക്കുമ്പോൾ വയനാട് ആയിരിക്കണം ആദ്യം ആളുകൾക്ക് ഓർമ വരേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വയനാടിനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി
ഇന്ത്യൻ പാർലമെന്‍റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞാൻ നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും. ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങൾ എന്‍റെ സഹോദരന് നൽകിയ സ്നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കും.
കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും യുവാക്കളെയും തുടങ്ങി നിരവധി പേരോട് ഞാൻ എൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിച്ചു. നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ മനസിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവിത രീതിയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഞാൻ കുറെ കാര്യങ്ങൾ പഠിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപാ ദാസ് മുൻഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ ഐ.സി ബാലകൃഷ്‌ണൻ, ടി. സിദ്ദീഖ്, പി.സി വിഷ്‌ണുനാഥ്, ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, കെ.എൽ പൗലോസ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ മാടാക്കര അബ്‌ദുല്ല, കൺവീനർ ഡി.പി രാജശേഖരൻ, കെ.ഇ വിനയൻ, എം.എ അസൈനാർ, എടക്കൽ മോഹനൻ എന്നിവർ പങ്കെടുത്തു.
Be the first to comment