പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്കാ ഗാന്ധി

നൈനിറ്റാൾ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്കാ ഗാന്ധി. മോദി ഒരു ദുരന്തമാണെന്ന് ആരോപിച്ച പ്രിയങ്ക പത്തു വർഷമായി മോദി സർക്കാർ ഒന്നും ചെയ്തില്ലെന്നും ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയാത്തവർക്ക് എന്തിനാണ് അധികാരമെന്നും അവര്‍ ചോദിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രാംനഗറിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ‘കഴിഞ്ഞ പത്തു വർഷമായി കോൺഗ്രസ് അധികാരത്തിലില്ല. ഇപ്പോൾ ബിജെപി പറയുന്നു 400 സീറ്റുകൾ വേണമെന്ന്‌.

75 വർഷമായി രാജ്യത്തൊന്നും ചെയ്തിട്ടില്ലെന്ന് ബിജെപി പറയുന്നു. അങ്ങനെയെങ്കിൽ ഐഐടികളും ഐഐഎമ്മുകളും എയിംസുകളും രാജ്യത്ത് എങ്ങനെ വന്നു?’, അവർ ചോദിച്ചു. ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങി. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഇവ നിർമ്മിച്ചില്ലായിരുന്നുവെങ്കിൽ, ഇതൊക്കെ സാധ്യമാണോ എന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. നെഹ്‌റുവിൻ്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച പ്രിയങ്ക, അദ്ദേഹത്തിൻ്റെ മുൻകൈയില്ലാതെ ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയ അഭിമാനകരമായ സ്ഥാപനങ്ങൾ നിർമ്മിക്കാൻ കഴിയുമായിരുന്നില്ലെന്നും പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവർ ആരോപിച്ചു.

ഹിന്ദുമത വിശ്വാസത്തിൻ്റെ ഏറ്റവും വലിയ തെളിവ് ‘ത്യാഗം’ ആണ്. തനിക്ക് 19 വയസ്സുള്ളപ്പോൾ അച്ഛൻ്റെ ഛിന്നഭിന്നമായ ശരീരം തൻ്റെ അമ്മയുടെ മുന്നിൽ വെച്ചു. രക്തസാക്ഷിത്വവും ത്യാഗവും ഞാൻ മനസ്സിലാക്കുന്നു. അവർ തൻ്റെ കുടുംബത്തെ എത്ര അധിക്ഷേപിച്ചാലും രക്തസാക്ഷിയായ തൻ്റെ പിതാവിനെ അപമാനിച്ചാലും തങ്ങൾ നിശബ്ദത പാലിക്കുമെന്നും അവർ വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലേക്ക് ഏപ്രിൽ 19ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.

Be the first to comment

Leave a Reply

Your email address will not be published.


*