‘സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ല; സമരം സര്‍ക്കാരിനെതിരെ, താരങ്ങള്‍ക്കെതിരെയല്ല’; ജി സുരേഷ് കുമാര്‍

തിയേറ്ററുകള്‍ നഷ്ടത്തിലാണെന്നും സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ആവര്‍ത്തിച്ച് നിര്‍മാതാവ് ജി സുരേഷ് കുമാര്‍. തങ്ങളുടെ സമരം സര്‍ക്കാരിനെതിരെയാണ്, താരങ്ങള്‍ക്കെതിരെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് പ്രതികരണം.

ആന്റണി പെരുമ്പാവൂരുമായി തനിക്ക് സംസാരിക്കേണ്ട കാര്യമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയായില്ല. സിനിമ നിര്‍ത്തണം എന്ന് വിചാരിച്ചാല്‍ നിര്‍ത്തിയിരിക്കും. കളക്ഷനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. കളക്ഷന്‍ രേഖകള്‍ മുഴുവനായും പുറത്തുവിടാനാണ് തീരുമാനം. ആന്റണിയുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ല – അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ അമ്മയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും എല്ലാവര്‍ക്കുമുള്ളത് ഒരേ ഉത്തരവാദിത്തമെന്നും ജി സുരേഷ് കുമാര്‍ വ്യക്തമാക്കി.

അതേസമയം, സിനിമ താരങ്ങളെ വെല്ലുവിളിക്കുകയാണ് ഫിലിം ചേംബര്‍. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിര്‍മ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണയുണ്ട്. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങള്‍ക്ക് മറ്റു വഴികളുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ് ആയെന്ന് ഓര്‍ക്കണം. സിനിമ സമരത്തിന് അമ്മയുടെയോ ഫെഫ്കയുടെയോ പിന്തുണ വേണ്ടെന്നും ഫിലിം ചേംബര്‍ വെല്ലുവിളിച്ചു. താരങ്ങള്‍ കുത്തകയല്ല. ആറ് മാസം മുഖം കാണാതെയിരുന്നാല്‍ ജനം മറക്കും. ആയിരം രൂപക്ക് ആരും സിന്‍തോള്‍ സോപ്പ് വാങ്ങി കുളിക്കില്ലലോ എന്നും ചേംബര്‍ പരിഹസിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*