ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ വീണ്ടും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി എസ് എസ്ടി സുബ്രഹ്മണ്യനും ട്രഷററായി വി പി മാധവനെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വർഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ലിസ്റ്റിൻ സ്റ്റീഫൻ. നിരവധി ചിത്രങ്ങൾ നിർമിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനിയുടെയും സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് ലിസ്റ്റിൻ. 2011 ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ സിനിമാ രം​ഗത്തെത്തുന്നത്.

‘ഉസ്താദ് ഹോട്ടൽ’, ‘ഹൗ ഓൾഡ് ആർ യു’ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെയാണ് മലയാളത്തിലെ മുന്‍നിര നിർമാണക്കമ്പനികളിലൊന്നായി മാജിക് ഫ്രെയിംസ് മാറുന്നത്. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിർമാണത്തിൽ പങ്കാളിയായി. കടുവ, ജനഗണമന എന്നീ സിനിമകൾ ഒന്നിച്ചു നിർമിച്ചു.

കൂടാതെ കെജിഎഫ് 2, മാസ്റ്റർ, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇവര്‍ ഒന്നിച്ചാണ് ഏറ്റെടുത്തത്. നിവിൻ പോളി നായകനായി എത്തിയ “മലയാളി ഫ്രം ഇന്ത്യ”യാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ടോവിനോ നായകനായി എത്തുന്ന ത്രീഡി ചിത്രം “അജയന്റെ രണ്ടാം മോഷണം” അണിയറയിൽ ഒരുങ്ങുന്ന ലിസ്റ്റിന്റെ ചിത്രമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*