സിനിമയിൽ യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതോടെ പ്രതിസന്ധിയിലായി നിർമ്മാതാക്കൾ

കൊച്ചി: സിനിമയിൽ യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതോടെ പ്രതിസന്ധിയിലായി നിർമ്മാതാക്കൾ. പ്രമുഖ താരങ്ങളും യുവതാരങ്ങളും കൂടാതെ സാങ്കേതിക വിദഗ്‌ധരും പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. അതിനാൽ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനൽകിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. താങ്ങാനാകാത്ത പ്രതിഫലം ചോദിക്കുന്നതു കാരണം ചില നിർമ്മാതാക്കൾ സിനിമകൾ പോലും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് കടക്കുകയാണ്.

നാല് കോടിക്ക് മുകളിലാണ് പ്രമുഖ താരങ്ങളടക്കം പ്രതിഫലം. നാല് കോടിക്ക് മുകളിലാണ് എല്ലാ മുൻനിര താരങ്ങളുടെയും പ്രതിഫലം. ഒരു മലയാള സിനിമയ്ക്ക് യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണ്. ഇതോടെ സിനിമയുടെ മുഴുവൻ പ്രതിഫലം 15 കോടിയിലധികമാകും. വലിയ തുകയ്ക്ക് സിനിമ വാങ്ങുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിർത്തിയതോടെ തിയേറ്ററിൽ നിന്നുമാത്രം ലഭിക്കുന്ന തുക ലാഭമുണ്ടാക്കുന്ന കാര്യത്തിലും സംശയമാണ്.

കൗമാര താരം പോലും ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപയാണെന്നും ഛായാഗ്രാഹകരിൽ ചിലർ ദിവസവേതനത്തിനാണ് വരാൻ തയാറാകുന്നതെന്നും നിർമ്മാതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. ശ്രദ്ധേയരായ സംഗീത സംവിധായകർ പ്രതിഫലത്തിന് പകരം സിനിമയിലെ ഗാനങ്ങളുടെ പകർപ്പവകാശമാണ് വാങ്ങുന്നത്. തുടർന്ന് ഇവർ വമ്പൻ തുകയ്ക്ക് മ്യൂസിക് കമ്പനികൾക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ തിയേറ്ററിൽ നിന്ന ലഭിക്കുന്ന വരുമാനം മാത്രം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ.

‘അമ്മ’യുടെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിൽ നിർമ്മാതാക്കളുടെ പ്രശ്നം ചർച്ചയാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദഗ്ധരുടെ പ്രതിഫലത്തെക്കുറിച്ച് ഫെഫ്കയെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്. ഇതേ പ്രശ്നം നേരിട്ട തമിഴ് സിനിമ നിർമ്മാതാക്കൾ സിനിമകൾ ചിത്രീകരിക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. മലയാള സിനിമയിലും താരങ്ങളും മറ്റ് അണിയറ പ്രവർത്തകരും വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ അതേ മാതൃക കേരളത്തിലും സ്വീകരിക്കേണ്ടതായി വരുമെന്നാണ് നിർമാതാക്കൾ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*