ലഹരി പാർട്ടിയിൽ പാമ്പിൻവിഷം ഉപയോഗിച്ചെന്ന കേസിൽ പ്രമുഖ യുട്യൂബർ അറസ്റ്റിൽ

നോയിഡ: ലഹരിപാർട്ടിയിൽ പാമ്പിൻവിഷം ഉപയോഗിച്ചെന്ന കേസിൽ പ്രമുഖ യുട്യൂബർ അറസ്റ്റിൽ. എൽവിഷ് യാദവിനെയാണ് (26) നോയിഡ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. സൂരജ്പുരിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ എൽവിഷിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.2023 നവംബർ മൂന്നിന് സെക്‌ടർ 51-ൽ നടന്ന ഒരു പാർട്ടിയിൽ പാമ്പിൻ വിഷം എത്തിച്ചതിന് ബിജെപി എംപി മേനകാഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിൾ ഫോർ ആനിമൽ സംഘടന നൽകിയ പരാതിയിൽ അഞ്ചുപേരെ പോലീസ്  അറസ്റ്റുചെയ്തിരുന്നു.

അഞ്ച് മൂർഖൻ പാമ്പടക്കം ഒമ്പതുപാമ്പുകളെയാണ് ഇവരുടെ പക്കൽനിന്ന് പിടികൂടിയത്. 20 മില്ലി പാമ്പിൻ വിഷവും കണ്ടെത്തി. സംഭവസ്ഥലത്ത് എൽവിഷ് ഇല്ലായിരുന്നതിനാൽ അറസ്റ്റുചെയ്തില്ല. കേസുമായി തനിക്ക്‌ ബന്ധമില്ലെന്നായിരുന്നു എൽവിഷിന്റെ നിലപാട്. ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷൻ 9, 39, 48 എ, 49, 50, 51 എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*