
പുരുഷന്‍മാരെ ഏറ്റവുമധികം ബാധിക്കുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. 2040 ആകുമ്പോഴേക്കും പ്രോസ്‌റ്റേറ്റ് അര്‍ബുദ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വാര്‍ഷികമരണങ്ങളില്‍ 85 ശതമാനം വര്‍ധനയുണ്ടാകുമെന്ന് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സംബന്ധിച്ചുള്ള ഏറ്റവും ബൃഹത്തായ ഈ പഠനം സൂചിപ്പിക്കുന്നു. പാരീസില്‍ നടക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് യൂറോളജിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പഠനം അവതരിപ്പിക്കും.
നൂറിലധികം രാജ്യങ്ങളില്‍, പുരുഷന്‍മാരെ ബാധിക്കുന്ന കാന്‍സറുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം. മാത്രമല്ല മരണത്തിനും വൈകല്യത്തിനുമുള്ള പ്രധാനകാരണമായും ഈ അര്‍ബുദത്തെ കണക്കാക്കുന്നു. എന്നാല്‍ ആഗോളതലത്തില്‍ ജനസംഖ്യയുടെ പ്രായവും ആയുര്‍ദൈര്‍ഘ്യവും വര്‍ധിക്കുന്നതിനാല്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ പ്രോസ്‌റ്റേറ്റ് അര്‍ബുദ കേസുകളിലും മരണത്തിലും അഭൂതപൂര്‍വമായ കുതിപ്പുണ്ടാകുമെന്ന് പുതിയ പഠനം വിലയിരുത്തുന്നു.
2020-ലെ 1.4 ദശലക്ഷം രോഗനിര്‍ണയത്തില്‍നിന്ന് 2040ഓടെ 2.9 ദശലക്ഷമാകും. അതായത് ഓരോ മണിക്കൂറിലും 330 പുരുഷന്‍മാര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടും. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലോകത്താകമാനമുള്ള മരണനിരക്കില്‍ 85 ശതമാനം വര്‍ധനയാണ് പ്രവചിച്ചിരിക്കുന്നത്. 2020-ലെ 375,000ല്‍നിന്ന് 2040-ല്‍ 700,000 ആയി മാറും. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ രോഗനിര്‍ണയം നടക്കുകയും വിവരങ്ങള്‍ ലഭിക്കുകയും ചെയ്താല്‍ യഥാര്‍ഥ മരണസംഖ്യ ഇതിനെക്കാളും അധികമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതും ജനസംഖ്യയുടെ പ്രായവും ലോകമെമ്പാടുമുള്ള പ്രായമായ പുരുഷന്‍മാരുടെ എണ്ണവും കൂട്ടുന്നു.
കുടുംബത്തല്‍ പ്രോസ്‌റ്റേറ്റ് അര്‍ബുദ ചരിത്രമുള്ള, പ്രായം 50 പിന്നിട്ട പുരുഷമാരാണ് രോഗസാധ്യത കൂടിയ പട്ടികയിലുള്ളത്. ജീവിതശൈലി ക്രമീകരണത്തിലൂടെയോ പൊതുജനാരോഗ്യ ഇടപെടലുകളിലൂടെയോ രോഗപ്രതിരോധം സാധ്യമല്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും ലക്ഷണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കുന്നതിലൂടെ നേരത്തെയുള്ള രോഗനിര്‍ണയവും പരിശോധനയും ചികിത്സയും കാര്യക്ഷമമാക്കാനും അധികം ജീവനുകള്‍ രക്ഷപ്പെടുത്താനും സാധിക്കുമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫ.നിക്ക് ജയിംസ് പറയുന്നു. കേസുകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഉറപ്പാണ്.
ഇത് മുന്നില്‍ക്കണ്ട് പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിക്കടിയുള്ള മൂത്രമൊഴിപ്പ് ആണ് പ്രധാന രോഗലക്ഷണം, പ്രത്യേകിച്ച് രാത്രിസമയത്ത്. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, മൂത്രം പൂര്‍ണമായും ഒഴിഞ്ഞുപോകാത്തതായുള്ള അവസ്ഥ, സെമനിലും മൂത്രത്തിലും കാണുന്ന രക്തത്തിന്‌റെ അംശമൊക്കെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. നടുവേദന, എല്ലുകളിലെ വേദന, വിശപ്പില്ലായ്മ, മറ്റു കാരണങ്ങളില്ലാതെ ഭാരം കുറയുക എന്നിവ വൃഷണങ്ങളിലേക്ക് പ്രോസ്‌റ്റേറ്റ് അര്‍ബുദം പടര്‍ന്നുവെന്നതിന്‌റെ സൂചനയാണ്.
ഈ ലക്ഷണങ്ങളെല്ലാം കണ്ടുവെന്നുകരുതി നിങ്ങള്‍ക്ക് പ്രോസ്‌റ്റേറ്റ് അര്‍ബുദം ആയിരിക്കണെന്ന് അര്‍ഥമില്ല. പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്‌റ് എന്ന അവസ്ഥ കാരണം പ്രായമാകുമ്പോള്‍ പുരുഷന്‍മാരുടെ പ്രോസ്‌റ്റേറ്റുകള്‍ വലുപ്പം വയ്ക്കാറുണ്ട്പുരുഷന്‍മാരുടെ മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നില്‍ സ്ഥിതി ചെയ്യുന്ന പ്രത്യുല്‍പ്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി. 65 വയസ് പിന്നിട്ടവരിലാണ് സാധാരണ പ്രോസ്‌റ്റേറ്റ് അര്‍ബുദം കൂടുതലായി കാണുന്നത്. പ്രായം കൂടുന്നത് രോഗസാധ്യതയും കൂട്ടുന്നു.
പ്രത്യേകിച്ച് ഒരു കാരണം പ്രോസ്‌റ്റേറ്റ് അര്‍ബുദത്തിനു പറയുക ബുദ്ധിമുട്ടാണ്. പുരുഷ ഹോര്‍മോണ്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെയും അര്‍ബുദ കോശങ്ങളെയും ഉദ്ദീപിപ്പിക്കുന്നു. പ്രായമാണ് അപകടകാരണമായി കരുതുന്നത്. ചുവന്ന മാംസം, കൊഴുപ്പ്കൂടിയ ആഹരങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നവരിലും രോഗസാധ്യത കണക്കാക്കുന്നു. കുടുംബ പാരമ്പര്യമുള്ളവരില്‍ പത്ത് ശതമാനത്തില്‍ താഴെ സാധ്യത പറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ശാരീരിക പരിശോധന, രക്ത പരിശോധന, സ്‌കാനിങ്, ബയോപ്‌സി എന്നിവയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണായ പിഎസ്എ പ്രോസ്‌റ്റേറ്റ് അര്‍ബുദ രോഗികളില്‍ കൂടുതലായിരിക്കും.
Be the first to comment