വായ്പ തിരിച്ചടവില്‍ പരിരക്ഷ; പുതിയ രണ്ടു പോളിസികള്‍ അവതരിപ്പിച്ച് എല്‍ഐസി, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രണ്ടു പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇതില്‍ ചേരാവുന്നതാണ്. എല്‍ഐസി യുവ ടേം/ ഡിജി ടേം, യുവ ക്രെഡിറ്റ് ലൈഫ് / ഡിജി ക്രെഡിറ്റ് ലൈഫ് എന്നി പേരുകളിലാണ് പുതിയ പോളിസികള്‍. വായ്പ തിരിച്ചടവില്‍ ടേം ഇന്‍ഷുറന്‍സും സുരക്ഷയും ഉറപ്പാക്കുന്ന പ്ലാനുകളാണിത്.

എല്‍ഐസി യുവ ടേം പ്ലാന്‍ ഓഫ്‌ലൈനായും ഡിജി ടേം ഓണ്‍ലൈനായുമാണ് ലഭ്യമാകുക. എല്‍ഐസി ഏജന്റുമാര്‍ മുഖേനയോ മറ്റോ നേരിട്ട് ചേരാവുന്ന തരത്തിലാണ് യുവ ടേം വിഭാവനം ചെയ്തിരിക്കുന്നത്. എല്‍ഐസി വെബ്‌സൈറ്റ് വഴി ഡിജി ടേമില്‍ ചേരാവുന്നതാണ്. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ടേം ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഈ പ്ലാന്‍. വായ്പ ബാധ്യത കവര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എല്‍ഐസി യുവ ക്രെഡിറ്റ് ലൈഫ്. ഇത് ഓഫ്‌ലൈന്‍ മോഡിലാണ് ലഭ്യമാകുക. സമാനമായ സേവനം ലഭിക്കുന്നതിന് എല്‍ഐസി ഡിജി ക്രെഡിറ്റ് ലൈഫിലും ചേരാവുന്നതാണ്. ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളുടെ ബാധ്യതയില്‍ നിന്ന് സംരക്ഷണം ഉറപ്പുനല്‍കുന്നതാണ് പുതിയ പ്ലാനുകള്‍.

യുവ ടേം/ ഡിജി ടേം ഒരു നോണ്‍ പാര്‍, നോണ്‍ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത പ്യുവര്‍ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് ആകസ്മികമായി മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ നല്‍കുന്നതാണ് ഈ പ്ലാന്‍. പോളിസിയില്‍ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് ആണ്. 45 വയസ് ആണ് പരമാവധി പ്രായം. 45 വയസ് വരെയുള്ളവര്‍ക്ക് പോളിസിയില്‍ ചേരാവുന്നതാണ് എന്ന് അര്‍ഥം.

33 വയസ് ആണ് കുറഞ്ഞ മെച്യൂരിറ്റി പ്രായം. പരമാവധി മെച്യൂരിറ്റി പ്രായം 75 വയസ് ആണ്. 50 ലക്ഷമാണ് കുറഞ്ഞ ബേസിക് സം അഷ്വേര്‍ഡ്. അഞ്ചു കോടിയാണ് പരമാവധി ബേസിക് സം അഷ്വേര്‍ഡ്.

വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ് അല്ലെങ്കില്‍ മരണ തീയതി വരെ അടച്ച മൊത്തം പ്രീമിയത്തിന്റെ 105% അല്ലെങ്കില്‍ മരണാനന്തരം നല്‍കുമെന്ന് ഉറപ്പുനല്‍കിയ തുക എന്നിങ്ങനെയാണ് പോളിസി ഉടമയുടെ മരണശേഷം നല്‍കേണ്ട തുക . സിംഗിള്‍ പ്രീമിയം പേയ്മെന്റിന് കീഴില്‍ സിംഗിള്‍ പ്രീമിയത്തിന്റെ 125% അല്ലെങ്കില്‍ മരണശേഷം നല്‍കുമെന്ന് ഉറപ്പുനല്‍കിയ സമ്പൂര്‍ണ്ണ തുക എന്ന നിലയിലാണ് മരണ ആനുകൂല്യം നല്‍കേണ്ടത്.

യുവ ക്രെഡിറ്റ് ലൈഫ്/ ഡിജി ക്രെഡിറ്റ് ലൈഫ് ഒരു നോണ്‍-പാര്‍, നോണ്‍ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, പ്യുവര്‍ റിസ്‌ക് പ്ലാനാണ്. പോളിസിയുടെ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ മരണ ആനുകൂല്യം കുറയുന്ന ടേം അഷ്വറന്‍സ് പ്ലാനാണിത്.

പോളിസിയില്‍ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് ആണ്. പരമാവധി പ്രായം 45 വയസ്സാണ്. മിനിമം അടിസ്ഥാന സം അഷ്വേര്‍ഡ് 50 ലക്ഷം രൂപയാണ്. പരമാവധി അടിസ്ഥാന സം അഷ്വേര്‍ഡ് രൂപ അഞ്ചു കോടിയാണ്. കൂടുതല്‍ വിവരങ്ങള്‍ എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*