
ഏറ്റുമാനൂർ : നൂറ് വർഷത്തിലേറെ പഴക്കമുള്ള മുണ്ടകപ്പാടം തോട് സ്വകാര്യ സ്ഥാപനങ്ങളും , വ്യക്തികളും അനധികൃതമായി കൈവശം വച്ചിരിക്കുന്നതിനാൽ ദിനംപ്രതി തോടിന്റെ വീതി കുറഞ്ഞ് വരികയാണ്. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തി തോട് അനധികൃതമായി കയ്യേറുവാൻ ശ്രമിച്ചത് നാട്ടുകാർ സംഘടിച്ച് തടഞ്ഞു. നാട്ടുകാർ പഞ്ചായത്തിലും , വില്ലേജിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരും , റവന്യു വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് നിർമ്മാണം നിറുത്തി വയ്കുന്നതിന് സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകി.
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും, സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ നിന്നും മലിന ജലം ഒഴുക്കുന്നതായി നാട്ടക്കാർ പരാതിപ്പെട്ടു. കടുത്ത വേനലായിട്ടും ഇത്രയധികം മലിനജലം ഒഴുകുന്നത് തോട്ടിൽ എങ്ങനെയായാണന്നാണ് നാട്ടുകാരുടെ ചോദ്യം. എത്രയും വേഗം ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. മുണ്ടകപ്പാടം തോടിന്റെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്ത് കമ്മിറ്റിക്ക് പരാതി നൽകി. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ , വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , സെക്രട്ടറി മിനി മാത്യു, അസ്സിസ്റ്റന്റ് എഞ്ചിനീയർ രാജേഷ് ഡി.നായർ , വാർഡ് ക്ലാർക് ജോർജ് വി.എം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തോടിന്റെ കയ്യേറ്റങ്ങൾ ഒഴിപ്പിപ്പിക്കുന്നതിനും , മലിന ജലം തോട്ടിലേക്ക് ഒഴുക്കുന്നവർക്കെതിരെയും പഞ്ചായത്ത് കമ്മിറ്റി നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവർ പറഞ്ഞു.
Be the first to comment