വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. തുറമുഖത്തിനകത്തേക്കുള്ള പാതയിൽ കയറുകെട്ടി ​ഗതാ​ഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. വിഴിഞ്ഞം ഇൻ്റ‍ർനാഷ്നൽ പോർട്ട് പ്രൊട്ടക്ഷൻ കൗൺസിൽ എന്ന സംഘടനയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ ധർണ തുടരുകയാണ്. തുറുമുഖ നിർമ്മാണത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് സമരം നടത്തുന്നത്.

മരിച്ച അനന്തുവിന്റെ കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരവും മറ്റ് സാമ്പത്തിക സഹായവും നൽകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 10 ടൺ ഭാരം കേറ്റേണ്ടിടത്ത് 15 ടൺ കയറ്റുകയാണ്. ആളുകൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പ്രത്യേകിച്ച് ടൂവിലർ, ഫോർവീലർ വാഹനങ്ങൾക്ക്, അമിത വേ​ഗത, അമിത ഭാരം മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. വളരെ ശ്രദ്ധക്കുറവോടെയാണ് ലോഡുമായെത്തുന്ന വാഹനങ്ങൾ പോകുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തേയ്ക്ക് കൊണ്ടുപോയ കല്ല് ടിപ്പറിൽ നിന്നും തെറിച്ചുവീണ് മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തു മരിച്ചത്. കോളേജിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം മുക്കോലയിലെ അനന്തുവിന്റെ വീട്ടിലെത്തിച്ചു. സംസ്കാരം 11 മണിയ്ക്ക് നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*