ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ നിരവധി മണ്ഡലങ്ങളില്‍ പ്രതിഷേധവും പരാതിയും. ഇവിഎം മെഷീനെതിരെയും പ്രതിപക്ഷ പാര്‍ട്ടിയിലെ പോളിങ് ഏജന്റുമാരെ ബൂത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയുമാണ് ഉയര്‍ന്ന് വരുന്നത്. ഡല്‍ഹി, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി മത്സരിക്കുന്ന ജമ്മു കശ്മീരിലെ അനന്ദ്‌നാഗ് രജൗരി, ഒഡീഷയിലെ പുരി എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും പരാതി ഉയര്‍ന്നിരിക്കുന്നത്.
അതേസമയം പിഡിപി പോളിങ് ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് മെഹബൂബ മുഫ്തി അനന്ദ്‌നാഗിലെ ബിജ്‌ബെഹറ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. ”ഞങ്ങളുടെ പോളിങ് ഏജന്റുമാരെ അറസ്റ്റ് ചെയ്തു. കാരണം ചോദിക്കുമ്പോള്‍ അവര്‍ ഒന്നും പറയുന്നുമില്ല. ഞാന്‍ പാര്‍ലമെന്റില്‍ പോകുന്നത് ഭയക്കുന്നുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ എന്നോട് പറയണം,” മഹബൂബ പറയുന്നു.പോളിങ് ഏജന്റുമാരെ ബൂത്തിനുള്ളിലേക്ക് കയറ്റുന്നില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥി ഉദ്ധിത് രാജും ആരോപിച്ചു.
”രാവിലെ 7.30ന് തന്നെ ഇക്കാര്യം ഞങ്ങള്‍ ഉന്നയിക്കുകയും പ്രശ്‌നമൊന്നുമുണ്ടാകില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ ഏജന്റുമാരെ അകത്തേക്ക് കയറ്റുന്നില്ല. ജഹാങ്കിര്‍പുരി, ഭാല്‍സ്വ ഡയറി, മംഗോള്‍പുരി എന്നീ പ്രദേശങ്ങളിലും സമാന പ്രശ്‌നമുണ്ട്,” അദ്ദേഹം പറയുന്നു. ഇത് പ്രധാനപ്പെട്ട ഒരു വിഷയമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പിനിടെ ഇവിഎം മെഷീന്‍ തകരാറിലായതിനാല്‍ വോട്ടിങ് നീട്ടണമെന്ന് പുരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി സമ്പിത് പാത്ര പ്രതികരിച്ചു.
അതേസമയം, ആറാംഘട്ട പോളിങ്ങില്‍ രാജ്യത്തെ നിവരധി പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡല്‍ഹിയിലെ രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാകാകളായ രാഹുല്‍ ഗാന്ധി, പ്രയങ്ക ഗാന്ധി, റോബര്‍ട്ട് വാദ്ര എന്നിവര്‍ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.
Be the first to comment