പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ തലസ്ഥാനത്തും പ്രതിഷേധം

തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ തലസ്ഥാനത്തും പ്രതിഷേധം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പ്രവർത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പോലീസെത്തി മാറ്റി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്തിറക്കിയത്.

മലബാർ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന സമരമിപ്പോൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ വാഹനങ്ങല്‍ തടഞ്ഞു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ശാന്തമായ അന്തരീഷത്തിൽ പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് എംഎസ്എഫിന്റേതെന്നായിരുന്നു മന്ത്രിയുടെ ആരോപണം.

പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരുമായി ചർച്ചക്ക് തയ്യാറാണ്. കണക്കുകൾ വെച്ച് ചർച്ച ചെയ്യണമെന്നും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്നും ശിവൻകുട്ടി അഭ്യർത്ഥിച്ചു. മലപ്പുറത്തെ ആകെ ഒഴിവുകൾ 21,550 ആണ്. 11,083 അൺ എയ്ഡഡ് സീറ്റുകൾ ഒഴിവുണ്ട്. മലപ്പുറത്ത് ഇനി പ്രവേശനം നേടാനുള്ളത് 14,037 പേരാണ്. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2954 സീറ്റുകൾ മാത്രമാണ് മലപ്പുറത്ത് ഒഴിവ് വരുക.

ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ് കൂടി കഴിയുമ്പോൾ ഇനിയും മാറ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് അലോട്ട്മെന്റുകൾ കഴിഞ്ഞു. ജൂൺ 24-ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. രണ്ട് അലോട്ട്മെന്റുകൾ കൂടിയുണ്ട്. സംസ്ഥാനത്ത് 4,21,621 അപേക്ഷകളാണ് ആകെ ലഭിച്ചത്. മെരിറ്റിൽ 2,68,192 പേർക്ക് അഡ്മിഷൻ നൽകി. സ്പോർട്ട്സ് ക്വാട്ടയിൽ 4336, കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,850 എന്നിങ്ങനെയാണ് പ്രവേശനം നേടിയതെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*